ഹരിപ്പാട്: വിദേശരാജ്യങ്ങളിലേക്ക് പോകാൻ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ചു നൽകുന്ന കൺസൾട്ടൻസി നടത്തിപ്പുകാർ പോലീസ് പിടിയിൽ.
കരിയിലക്കുളങ്ങര രാമപുരം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സിൽവർ സ്വാൻ എച്ച്.ആർ മാനേജ്മെന്റ് കൺസൾട്ടൻസി ഉടമ ആലപ്പുഴ കടപ്പുറം പാർവതി സദനത്തിൽ രഞ്ജിത്ത്(38) സഹായിയും ഡ്രൈവറുമായ ഹരിപ്പാട് പിലാപ്പുഴ ലക്ഷ്മി നിവാസിൽ ശ്രീരഞ്ജിത്ത് (38) എന്നിവരെയാണ് കരിയിലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.
റെയ്ഡിൽ 160 ഓളം വ്യാജ സീലുകളും ആറ് കംപ്യൂട്ടറുകളും മൂന്ന് ലാപ്ടോപ്പുകളും 10 മൊബൈൽ ഫോണുകളും കണ്ടെടുത്തു.
ഡോക്ടർമാർ, ആശുപത്രികൾ, കോടതികൾ, ബാങ്കുകൾ, ചാർട്ടേഡ് അക്കൗണ്ടന്റ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുടെ സീലുകളും പോലീസ് കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു.
ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശനുസരണം കായംകുളം ഡിവൈഎസ്പി അജയനാഥിന്റെ മേൽനോട്ടത്തിൽ കരിയിലക്കുളങ്ങര സബ് ഇൻസ്പെക്ടർ സുനുമോൻ, എസ് ഐ രാജീവ്, എ എസ് ഐ ശ്രീകുമാർ, പോലീസ് ഉദ്യോഗസ്ഥരായ അനി, അനിൽ, പ്രസാദ്, വിനീഷ്, അരുൺ, അനീസ്, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.