തിരുവനന്തപുരം: തെറ്റ് ചെയ്താൽ മറച്ച് വയ്ക്കാനാകില്ലെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ.കെ.ഷൈലജ എംഎൽഎ.
ഇല്ലാത്ത ബിരുദം ഉണ്ടെന്ന് വരുത്താൻ ആര് ശ്രമിച്ചാലും ശരിയല്ല. എസ്എഫ്ഐ മുൻ നേതാവ് വിദ്യ പ്രതിയായ വ്യാജ സർട്ടിഫിക്കറ്റ് കേസുമായി ബന്ധപ്പെട്ട് ഒരു ചാനലിനോട് പ്രതികരിക്കവേയാണ് കെ.കെ. ഷൈലജ ഇക്കാര്യം വ്യക്തമാക്കിയത്.
തെറ്റ് ചെയ്താൽ എല്ലാക്കാലത്തും മറച്ച് വയ്ക്കാനാകില്ല. ഒരിക്കൽ പിടിക്കപ്പെടുമെന്ന ബോധം എല്ലാവർക്കും വേണമെന്നും ഷൈലജ വ്യക്തമാക്കി.
ഇല്ലാത്ത ബിരുദങ്ങളോ, കഴിവോ ഉണ്ടെന്ന് ധരിപ്പിക്കുന്ന രീതി ശരിയില്ല. അങ്ങനെ തെറ്റ് ചെയ്താൽ ഒരിക്കൽ പിടിക്കപ്പെടും. അതെല്ലാ കാലവും മറച്ച് വയ്ക്കാൻ പറ്റില്ല. -കെ.കെ.ഷൈലജ പറഞ്ഞു.
അതേസമയം വ്യാജ സർട്ടിഫിക്കറ്റ് കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഇന്ന് അട്ടപ്പാടി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പളിന്റെ മൊഴിയെടുക്കും. അഗളി സിഐ കോളേജിൽ നേരിട്ട് എത്തിയാകും മൊഴിയെടുക്കുക.