തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിഷയത്തിൽ കർശന താക്കീതും നിലപാടുമായി കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മേൽ.
ക്രമക്കേട് ആര് കാട്ടിയാലും അവർ കുടുങ്ങുമെന്നു പറഞ്ഞ അദ്ദേഹം, ഏതെങ്കിലും കുട്ടി ക്രമക്കേട് കാട്ടിയാൽ പ്രിൻസിപ്പലും അകത്താകുമെന്നും മുന്നറിയിപ്പ് നൽകി.
വ്യാജസർട്ടിഫിക്കറ്റ് വിഷയത്തിൽ ആലപ്പുഴ എംഎസ്എം കോളജ് വിശദീകരണം നൽകിയേ മതിയാകൂ. നിങ്ങൾ തോൽപ്പിച്ച കുട്ടി എങ്ങനെ എംകോമിന് പ്രവേശനം നേടി.
സർട്ടിഫിക്കറ്റ് വെരിഫൈ ചെയ്യേണ്ട ഉത്തരവാദിത്തം കോളജിനല്ലേ. ഇക്കാര്യത്തിൽ കർശന നടപടി ഉണ്ടാകുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി വൈസ് ചാൻസലർ പറഞ്ഞു.
അതേസമയം വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ സമഗ്രാന്വേഷണം വേണമെന്ന് സിപിഐ മുഖപത്രമായ ജനയുഗം ആവശ്യപ്പെട്ടു.
പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്നതും ദുരൂഹവുമായ വിവരങ്ങളാണെന്നും പരസ്പരം പഴിചാരി രക്ഷപ്പെടാവുന്ന കൃത്യവിലോപമല്ല ഇതെന്നും ഇക്കാര്യത്തിൽ സമഗ്രാന്വേഷണം വേണമെന്നും മുഖപ്രസംഗം പറയുന്നു.
ഇന്ന് ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ സർക്കാരിനെതിരേ വിമർശനങ്ങളുയരാനാണ് സാധ്യത. വ്യാജസർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് എസ്എഫ്ഐക്കെതിരേ ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങൾ യോഗത്തിൽ ചർച്ചയാകും.
നിഖില്‍ തോമസ് ഒളിവിൽ; സുഹൃത്തുക്കളെ ചോദ്യംചെയ്യുന്നു
ആലപ്പുഴ: വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് ഒളിവില്‍. നിഖിലിനെ കണ്ടെത്താൻ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.
കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചില്‍ നടത്തുന്നത്. നിഖിലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
നിഖിലിന്റെ കണ്ടെത്താല്‍ അദ്ദേഹ ത്തിന്റെ അടുത്ത സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. കായംകുളം സ്റ്റേഷനിലേക്ക് വിളിപ്പിച്ചാണ് ചോദ്യം ചെയ്യല്‍.
തിങ്കളാഴ്ച ആര്‍ഷോയെ കാണാൻ നിഖിലിനൊപ്പം തിരുവനന്തപുരത്തേക്ക് പോയ ഡിവൈഎഫ്ഐ നേതാവിനെയും പോലീസ് ചോദ്യം ചെയ്തു.
പുലര്‍ച്ചെ വീട്ടിലെത്തിയാണ് പോലീസ് ഇയാളെ കൊണ്ടുപോയത്. തിരുവനന്തപുരത്ത് എത്തിയശേഷമാണ് നിഖില്‍ ഒളിവില്‍ പോയത്.
അതേസമയം, നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റിൽ കലിംഗ സർവകലാശാല റായ്പുർ പോലീസിൽ പരാതി നൽകില്ല.
തട്ടിപ്പ് നടന്നതും നിഖിൽ ഉള്ളതും കേരളത്തിലായതിനാൽ കേരള പോലീസ് അന്വേഷണമാണ് ഉചിതമെന്നു കലിംഗ സർവകലാശാല അറിയിച്ചിരുന്നു.അഭിഭാഷകരുമായി പോലീസ് നടത്തിയ ചർച്ചയിലാണ് തീരുമാനം.