തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെതിരേ ഉയർന്ന വ്യാജസർട്ടിഫിക്കറ്റ് വിവാദത്തിൽ നടപടി സ്വീകരിക്കാനൊരുങ്ങി കേരള സർവകലാശാല. സർവകലാശാല ഇന്നു ഡിജിപിക്ക് പരാതി നൽകും.
അക്കാഡമിക് തലത്തിലും നിയമപരവുമായുമുള്ള നടപടികൾക്കാണ് സർവകലാശാലയുടെ തീരുമാനം. വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാക്കുറ്റം എന്നിവ ചൂണ്ടിക്കാട്ടി രജിസ്ട്രാർ ഇന്നു തന്നെ ഡിജിപിക്കും പരാതി നൽകുമെന്നാണ് അറിയുന്നത്.
സംഭവത്തിൽ കോളജ് അധികൃതർക്ക് വീഴ്ചയുണ്ടായെന്നും സർവകലാശാല വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ അടിയന്തരമായി പ്രിൻസിപ്പലിനോട് വിശദീകരണം തേടും. മറുപടി തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കാനാണ് വൈസ് ചാൻസലറുടെ നിർദേശം.
നിഖില്‍ തോമസ് മൂന്ന് വര്‍ഷവും കേരള സര്‍വകലാശാലയില്‍ തന്നെ പഠിച്ചിരുന്നുവെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
കലിംഗ സര്‍വകലാശാലയിലെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.കലിംഗ യൂണിവേഴ്സിറ്റിയിൽ നിഖിൽ പഠിച്ചിട്ടുണ്ടോ എന്ന വിവരം കേരള സർവകലാശാല ഔദ്യോഗികമായി തേടും.
ഇത് സംബന്ധിച്ച കത്ത് കലിംഗ യൂണിവേഴ്സിറ്റിക്ക് ഇന്ന് അയയ്ക്കും. കലിംഗ യൂണിവേഴ്സിറ്റിയുടെ കത്ത് ലഭിച്ച ശേഷം അച്ചടക്ക നടപടിയിലേക്ക് കടക്കും.
നിഖില്‍ തോമസ് എന്ന വിദ്യാര്‍ത്ഥി കലിംഗ സർവകലാശാലയില്‍ പഠിച്ചിട്ടില്ലെന്നും വ്യാജസർട്ടിഫിക്കറ്റ് നിർമിച്ച സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും കലിംഗ സര്‍വകലാശാല രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ പരിശോധന നടത്തിയിരുന്നുവെന്നും സന്ദീപ് ഗാന്ധി വ്യക്തമാക്കി.
നിഖിലിന്റെ വിലാസം അടക്കം രേഖകൾ കലിംഗ സർവകലാശാല ലീഗൽ സെൽ ശേഖരിക്കുകയാണ്. കേരളത്തിൽ നേരിട്ടോ അല്ലാതെയോ പഠന കേന്ദ്രം ഇല്ലെന്നും സർവകലാശാല വ്യക്തമാക്കി.