കോഴിക്കോട്: ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണകള്‍ വിപണിയില്‍ വ്യാപകം. ഇതരസംസ്ഥാനങ്ങളില്‍ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണകളാണ് കൂടുതലായും വില്‍പ്പനയ്ക്കെത്തുന്നത്. ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളുടെ ഫലമായി നിലവാരം കുറഞ്ഞ വെളിച്ചെണ്ണകള്‍ ഉത്പാദിപ്പിക്കുകയും അവ പായ്ക്ക് ചെയ്യുകയും ചെയ്തിരുന്ന കമ്പനികള്‍ എല്ലാം അടച്ചുപൂട്ടിയിരുന്നു. ഇതേതുടര്‍ന്നാണ് തമിഴ്നാട്ടില്‍ നിന്നും മറ്റും ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ എത്തുന്നത്.
ഓണക്കാലമാവുമ്പോഴേക്കും ഇത്തരത്തിലുള്ള വെളിച്ചെണ്ണകള്‍ കോഴിക്കോട് വിപണിയിലെത്തിച്ച് വന്‍ ലാഭം കൊയ്യാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. വിപണിവിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് എണ്ണകളും ലഭ്യമാക്കുന്നുണ്ട്. ഇവ വാങ്ങി ഉപയോഗിക്കരുതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്കി.
വെളിച്ചെണ്ണയ്ക്ക് പുറമേ കോക്കനട്ട് ടെസ്റ്റ ഓയിലും ബ്ലെന്‍ഡഡ് ഓയിലും വിപണിയിലുണ്ട്. ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡര്‍, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ എന്നിവയുടെ നിര്‍മാണത്തിലെ ഉപോത്പന്നമാണ് കൊപ്രയുടെ തവിട്ടുനിറമുള്ള പുറംതൊലി. ഈ പുറംതൊലിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഓയില്‍ ആണ് കോക്കനട്ട് ടെസ്റ്റ ഓയില്‍ . ഇത് പാചകത്തിന് ഉപയോഗിക്കുന്നതില്‍ കുഴപ്പമൊന്നും കാണുന്നില്ല.
എന്നാല്‍ വെളിച്ചെണ്ണയുടെ ഗുണമൊന്നും ഇതിനില്ല. കൂടാതെ ഇത് വെളിച്ചെണ്ണ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വില്‍പ്പന നടത്തുന്നത്. ബ്ലെന്‍ഡഡ് വെജിറ്റബിള്‍ ഓയിലില്‍ 80 ശതമാനം പാമോയിലും 20 ശതമാനം വെളിച്ചെണ്ണയും ആണ് സാധാരണയായി അടങ്ങിയിട്ടുള്ളത്. ഇതിന്റെ ലേബലില്‍ തേങ്ങയുടേയോ തെങ്ങിന്റെയോ ചിത്രം പതിച്ച് വെളിച്ചെണ്ണയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍പ്പന നടത്തുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെ ഭക്ഷ്യവസ്തുവിന്റെ ലേബല്‍ വായിച്ച ശേഷം മാത്രം ഉപയോഗിക്കമെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ വില്‍ക്കുന്നത് അഞ്ച് ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. ഒന്നിലധികം തവണ ഇത്തരം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കും. മെയ്, ജൂണ്‍, ജൂലൈമാസങ്ങളില്‍ ലഭിച്ച ലബോറട്ടറി പരിശോധനാഫലങ്ങള്‍ പ്രകാരം തമിഴ്നാട്ടില്‍ ഉത്പാദിപ്പിക്കുന്ന ബാലകുമരന്‍ എന്ന കമ്പനിയുടെ സൂര്യ, ആയില്യം എന്നീ ബ്രാന്‍ഡുകള്‍ ഗുണനിലവാരം കുറഞ്ഞതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ ബ്രാന്‍ഡുകളുടെ സംഭരണവും വിതരണവും വിപണനവും ജില്ലയില്‍ നിരോധിച്ചിരിക്കുകയാണ്. നേരത്തെ ഇതേ കമ്പനിയുടെ സുരഭി, സൗഭാഗ്യ എന്നീ ബ്രാന്‍ഡുകള്‍ ഗുണനിലവാരം കുറഞ്ഞതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിച്ചിരുന്നു. ഗുണനിലവാരം കുറഞ്ഞബ്രാന്ഡുകളോ മേല്പറഞ്ഞ ബ്രാന്‍ഡോ വില്‍പ്പന നടത്തുന്നത് കണ്ടാല്‍ അറിയിക്കുക. ഫോണ്‍ 0495 -2720744,8943346191.