കോഴിക്കോട്: ഓണവിപണി ലക്ഷ്യമിട്ട് സംസ്ഥാനത്ത് വെളിച്ചെണ്ണ വിപണിയില്‍ വ്യാജന്മാര് പിടിമുറുക്കുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ണുവെട്ടിച്ച് മായം കലര്‍ന്ന വെളിച്ചെണ്ണ വിപണിയിലെത്തിക്കാനായി വ്യാജന്മാര് സജീവമായി രംഗത്തുണ്ട്.
വീടുകളില്‍ പായ്ക്കിംഗ് നടത്തിവരെ വ്യാജ വെളിച്ചെണ്ണ വിപണിയില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഓണമടുക്കുന്നതോടെ തമിഴ്നാട്ടില്‍ നിന്നും മറ്റും ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണകള്‍ വന്‍തോതില്‍ കേരളത്തിലെത്തിച്ചാണ് ഏജന്‍സികള്‍ ചെറുതും വലുതുമായ പായ്ക്കറ്റുകളിലാക്കി വിപണിയിലെത്തിക്കുന്നത്.
വന്‍ലാഭം മാത്രം ലക്ഷ്യമിട്ടാണ് ഇത്തരത്തില്‍ മായം കലര്‍ന്ന വെളിച്ചെണ്ണ വിപണിയിലെത്തിക്കുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫീസര്‍മാരായ വിഷ്ണു ഷാജി, ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ മാത്രം 1000 ലിറ്റര്‍ വെളിച്ചെണ്ണയാണ് പിടികൂടിയത്.
ഒന്‍പത് ബ്രാന്ഡുകളാണിവിടെയുള്ളത്. ഇതില്‍ നാലു ബ്രാന്‍ഡുകള്‍ ഇതിനു മുമ്പേ തന്നെ മായം കലര്‍ന്നതാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിരോധിച്ചതാണ്. ഇതേ ബ്രാന്‍ഡുകള്‍ തന്നെ വന്‍തോതില്‍ വിപണിയിലെത്തിക്കാനാണ് ഏജന്റമാര്‍ ലക്ഷ്യമിടുന്നത്. മറ്റുള്ള ബ്രാന്‍ഡുകള്‍ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.
വേങ്ങേരിയിലെ വീട് കേന്ദ്രീകരിച്ചാണ് വന്‍തോതില്‍ മായംകലര്‍ന്ന വെളിച്ചെണ്ണ വിപണിയില്‍ എത്തിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കടകളില്‍ ഇത്തരത്തിലുള്ള വെളിച്ചെണ്ണകള്‍ വില്പനക്കായി എത്തിച്ചിട്ടുണ്ട്. വെളിച്ചെണ്ണകള്‍ കയറ്റിയ ലോറികള്‍ വിപണിയിലേക്ക് പുറപ്പെടുന്നതിനു മുമ്പാണ് ഇന്നലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധനക്കായി എത്തിയത്.
തമിഴ്നാട്ടില്‍ നിന്നാണ് ഈ വെളിച്ചെണ്ണ എത്തിച്ചത്. ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളുടെ ഫലമായി നിലവാരം കുറഞ്ഞ വെളിച്ചെണ്ണകള്‍ ഉത്പാദിപ്പിക്കുകയും അവ പായ്ക്ക് ചെയ്യുകയും ചെയ്തിരുന്ന കമ്പനികളെല്ലാം അടച്ചുപൂട്ടിയിരുന്നു.
ഇതേതുടര്‍ന്നാണ് തമിഴ്നാട്ടില്‍ നിന്നും മറ്റും ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ എത്തിച്ച് വീടുകളില്‍ സൂക്ഷിക്കുകയും അവ പിന്നീട് പായ്ക്കറ്റുകളിലാക്കി വിതരണം ചെയ്യുകയും ചെയ്യുന്നത്.
ലേബലില്‍ തേങ്ങയുടേയോ തെങ്ങിന്റേയോ ചിത്രം പതിച്ച് വില്പന നടത്തുകയാണ് പതിവ്. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെ ഭക്ഷ്യവസ്തുവിന്റെ ലേബല്‍ വായിച്ച ശേഷം മാത്രം ഉപയോഗിക്കമെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ വില്‍ക്കുന്നത് അഞ്ച് ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. ഒന്നിലധികം തവണ ഇത്തരം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കും. മെയ്, ജൂണ്‍, ജൂലൈമാസങ്ങളില്‍ ലഭിച്ച ലബോറട്ടറി പരിശോധനാഫലങ്ങള്‍ പ്രകാരം തമിഴ്നാട്ടില്‍ ഉത്പാദിപ്പിക്കുന്ന ബാലകുമരന്‍ എന്ന കമ്പനിയുടെ സൂര്യ, ആയില്യം എന്നീ ബ്രാന്‍ഡുകള്‍ ഗുണനിലവാരം കുറഞ്ഞതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ ബ്രാന്‍ഡുകളുടെ സംഭരണവും വിതരണവും വിപണനയും ജില്ലയില്‍ നിരോധിച്ചിരിക്കുകയാണ്. നേരത്തെ ഇതേ കമ്പനിയുടെ സുരഭി, സൗഭാഗ്യ എന്നീ ബ്രാന്‍ഡുകള്‍ ഗുണനിലവാരം കുറഞ്ഞതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിച്ചിരുന്നു. ഗുണനിലവാരം കുറഞ്ഞബ്രാന്ഡുകളോ മേല്പറഞ്ഞ ബ്രാന്‍ഡോ വില്‍പ്പനനടത്തുന്നത് കണ്ടാല്‍ അറിയിക്കുക. ഫോണ്‍ 0495 -2720744,8943346191.