ബംഗളൂരു: വ്യാജ കൊറിയർ തട്ടിപ്പിൽ അഭിഭാഷകയ്ക്കു നഷ്ടമായത് 15 ലക്ഷം രൂപ. 29കാരിയായ അഭിഭാഷകയാണ് ബംഗളൂരു ഈസ്റ്റ് സൈബർ ക്രൈം പോലീസിൽ തട്ടിപ്പിനിരയായതായി പരാതി നൽകിയത്. അഭിഭാഷകയുടെ പേരിൽവന്ന പാഴ്സലിൽ മാരകലഹരിമരുന്നായ എംഡിഎംഎ ഉണ്ടെന്നറിയിച്ച് ഫോൺ വിളിച്ചായിരുന്നു തട്ടിപ്പ്.
ഏപ്രിൽ ആദ്യവാരം മുംബൈ പോലീസിൽനിന്നാണെന്നു പറഞ്ഞായിരുന്നു ഫോൺ. തായ്ലൻഡിൽനിന്നു വന്ന പാഴ്സലിൽ 140 ഗ്രാം ലഹരിമരുന്നുണ്ടെന്നായിരുന്നു ഫോൺ വിളിച്ചയാൾ പറഞ്ഞത്. തുടർന്ന് സിബിഐ ഉദ്യോഗസ്ഥനെന്നു പരിചയപ്പെടുത്തിയ ആൾക്കു ഫോൺ കൈമാറി.
യുവതിക്കെതിരേ മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകൾ ചുമത്തിയതായി അറിയിച്ചു. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി വീഡിയോ കോളിലൂടെ ചോദ്യംചെയ്യൽ ആരംഭിച്ചു.
ഏപ്രിൽ മൂന്നിന് ഉച്ചകഴിഞ്ഞ് 2.15ന് ആരംഭിച്ച ഫോൺകോൾ അഞ്ചിനുപുലർച്ചെ 1.15 വരെ നീണ്ടുനിന്നു. ഇതിനിടെ 15 ലക്ഷം രൂപ സംഘം കൈക്കലാക്കുകയും ചെയ്തു. ചോദ്യം ചെയ്യുന്നതിനിടെ യുവതിയോടു വിവസ്ത്രയാകാൻ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു.