രാജ്യത്തെ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ പ്രധാനമന്ത്രി ഏര്‍പ്പെടുത്തിയ നോട്ട് നിരോധനം പാളിയോ എന്ന സംശയങ്ങള്‍ ഉയരുമ്പോഴും അവിടിവിടങ്ങളില്‍ നിന്ന് ശുഭകരമായ വാര്‍ത്തകളും കേള്‍ക്കുന്നുണ്ട്. ആവശ്യമായതിന്റെ 150% കൂടുതല്‍ കറന്‍സി ഉദ്പാദിപ്പിക്കുന്ന രാജ്യമാണ് പാക്കിസ്ഥാന് എന്നത് പരസ്യമായ രഹസ്യമാണ്. അത്തരത്തിലുള്ള കറന്‍സികള്‍ ഉപയോഗിക്കുന്നതോ ലഷ്കര്‍, ഹഖാനി തുടങ്ങിയ തീവ്രവാദ പ്രസ്ഥാനങ്ങളും ദാവൂദ് ഇബ്രഹിമിന്റേത് പോലുള്ള മാഫിയകളും. ദുബായില്‍ മാറ്റിയെടുക്കുകയോ അല്ലെങ്കില്‍ ഇന്ത്യയിലേക്ക് കടത്തുകയോ ആണ് പതിവ്. ഇത്തരത്തില്‍ 40,000 കോടിയോളം രൂപ ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ എട്ടാം തിയതി ഇന്ത്യയില്‍ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതോടെ ഇത്തരം മാഫിയകള്‍ക്കും അവരുടെ ഏജന്‍സികള്‍ക്കും ഇതൊരു തിരിച്ചടിയായി മാറുകയായിരുന്നു.
ദാവൂദ് ഇബ്രാഹിമിന്റെയും ലഷ്കറിന്റെയും ഇടനിലക്കാരനായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ജാവേദ് ഖനാനി യുടെ മരണം നോട്ട് നിരോധനത്തിന്റെ ഫലമായാണെന്നാണ് കരുതുന്നത്. പാക്കിസ്ഥാനിലെ നിര്‍മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണാണ് ഖനാനി ആന്‍ഡ് കാലിയ ഇന്റര്‍നാഷണല്‍ മണി ചേഞ്ചേഴ്സ് ഡയറക്ടര്‍ ജാവേദ് ഖനാനി മരിച്ചതെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകട വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ ബന്ധുക്കള്‍ മൃതദേഹം പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ സമ്മതിക്കാതെ തിരികെ കൊണ്ടുപോവുകയായിരുന്നു എന്നും പോലീസ് പറയുന്നു. ജാവേദിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം മൂന്ന് ദിശകളിലൂടെയാണ് നീങ്ങുന്നതെന്ന് പോലീസ് പറഞ്ഞു.
ജാവേദിനും പങ്കാളിത്തമുള്ള നിര്‍മാണത്തിലിരുന്ന ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണാണ് മരണം സംഭവിച്ചതെങ്കിലും അത് അപകടമായിരുന്നോ ആത്മഹത്യയായിരുന്നോ അതോ മറ്റ് കള്ളക്കളികള്‍ എന്തെങ്കിലും ഇതിന് പിന്നില്‍ നടന്നിട്ടുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്. ഹവാല ഇടപാടുകള്‍ വഴി അനധികൃത പണമിടപാടുകള്‍ നടത്തിയ കേസില്‍ ജാവേദിനെ ഫെഡറ്ല് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. 2008 ലായിരുന്നു ഇത്. കറാച്ചി, ലാഹോര്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. ഏതായാലും നോട്ട് നിരോധനം പൂര്‍ണമായും പരാജയമായിരുന്നെന്ന് പറയാന്‍ സാധിക്കുകയില്ല എന്നാണ് ജാവേദിന്റെ ആത്മഹത്യയിലൂടെ വെളിവാകുന്നത്.