കൊച്ചി: തേവര മട്ടമ്മലില് മാസങ്ങളായി ഡോക്ടര് ചമഞ്ഞ് വ്യാജ ചികിത്സ നടത്തി വന്നിരുന്ന അന്യസംസ്ഥാനക്കാരന് പിടിയിലായ കേസില് കൂടുതല് ചോദ്യം ചെയ്യുന്നതിനായി ഇയാളെ ഉടന് കസ്റ്റഡിയില് വാങ്ങും.
പ്രതിയെ കസ്റ്റഡിയില് വാങ്ങാനായി തിങ്കളാഴ്ച സൗത്ത് പോലീസില് കോടതിയില് അപേക്ഷ നല്കും.
കേസുമായി കേസുമായി ബന്ധപ്പെട്ട് വെസ്റ്റ് ബംഗാള് സ്വദേശി ദിപന്കര് മൊണ്ഡാല് (38) ആണ് എറണാകുളം ടൗണ് സൗത്ത് പോലീസിന്റെ പിടിയിലായത്.
തേവര ചക്കാലപറമ്പില് എന്ന പാര്പ്പിട സമുച്ചയത്തില് ഒരാള് അനധികൃതമായി ക്ലിനിക്ക് തുറന്ന് ചികിത്സ നടത്തുന്നതായി രഹസ്യ വിവരം കിട്ടിയതിനെതുടര്ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള് പിടിയിലായത്.
രോഗികള് ചികിത്സയ്ക്കായി എത്തുമ്പോള് ഒരു സുഹൃത്തുമായി ബന്ധപ്പെട്ടാണ് മരുന്ന് കുറിക്കുന്നതെന്നാണ് ഇയാള് പോലീസിനെ അറിയിച്ചത്. ഈ സുഹൃത്തിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്ജിതമാക്കിയിട്ടുണ്ട്.
പ്രതിയുടെ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് മാത്രമായിരുന്നു. പൈല്സ് ക്ലിനിക്ക് എന്ന ബോര്ഡ് സ്ഥാപിച്ച് ഇയാള് ചികിത്സ നടത്തിവരികയായിരുന്നു.
അന്വേഷണത്തില് പ്രതി യാതൊരു വിധ ലൈസന്സോ സര്ട്ടിഫിക്കറ്റുകളോ കൈവശമില്ലാതെ അനധികൃതമായി ചികിത്സ നടത്തി വരികയാണെന്ന് തെളിഞ്ഞു.
വഴിയോരങ്ങളില് പൈല്സ് ചികിത്സ എന്ന പോസ്റ്റര് ഒട്ടിച്ചാണ് ഇയാള് രോഗികളെ ഇവിടേയ്ക്ക് ആകര്ഷിച്ചിരുന്നത്.
പ്രതിയുടെ ക്ലിനിക്കില് പോലീസ് നടത്തിയ റെയ്ഡില് പൈല്സിന് ചികിത്സ നടത്തുന്നതിലേക്കുളള ഉപകരണങ്ങളും മരുന്നുകളും ഇയാളുടെ നെയിം ബോര്ഡും കണ്ടെത്തി.
പ്രതിയെ കൂടുതല് ചോദ്യം ചെയ്തതില് നിന്നും ടെലി മെഡിസിന് കണ്സല്ട്ടിംഗ് മുഖേനയാണ് ഇയാള് ക്ലിനിക്ക് നടത്തിവരുന്നതെന്നും വ്യക്തമായി.