കൊച്ചി: കളമശേരിയിൽ സ്കൂട്ടർ കുത്തിത്തുറന്ന് 3.5 ലക്ഷം മോഷ്ടിച്ച കേസിലെ പ്രതി ഡൽഹിയിൽ അറിയപ്പെട്ടിരുന്നത് ഡോക്ടറെന്ന്.
കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സ്വദേശി ഷാഹി ആലമാണ് ഏലൂർ പോലീസിന്റെ പിടിയിലായത്. കളമശേരി എസ്ബിഐക്ക് എതിർവശം സ്കൂട്ടിറിൽനിന്ന് കഴിഞ്ഞ 13 നായിരുന്നു ഇയാൾ പണം കവർന്നത്.
ഇയാൾ നാട്ടിൽ വ്യാജ ഡോക്ടറായി പ്രവർത്തിക്കുകയായിരുന്നു. പ്രതിയെ തേടി ഡൽഹിയിലെത്തിയ പോലീസ് കണ്ടത് അവിടെ ഒരു ക്ലിനിക്കിൽ രോഗിയെ പരിശോധിക്കുന്ന ഷാഹിയെയായിരുന്നു.
മുന്പ് ഇയാൾ ആലുവ മാളികംപീടികയിൽ ആയിരുന്നു താമസിച്ചിരുന്നത്. താനൊരു തുകൽ വ്യാപാരിയാണെന്നാണ് അന്ന് ഇയാൾ കൂടെ താമസിച്ചിരുന്ന മലയാളിയോടു പറഞ്ഞത്.
ഏലൂർ നാറാണത്ത് ക്ഷേത്രത്തിനു സമീപം ലക്ഷംവീട് കോളനിയിൽ കളത്തിപ്പറന്പിൽ കെ.എസ്. വിഷ്ണുവിന്റെ പണമാണ് ഷാഹിയും കൂട്ടുകാരനും ചേർന്ന് സ്കൂട്ടറിന്റെ ഡിക്കിയിൽ നിന്ന് കവർന്നത്.
വിവാഹാവശ്യത്തിന് ബേങ്കിൽ നിന്നും എടുത്ത 3,50,000 രൂപ സ്കൂട്ടറിന്റെ സിക്കിയിൽവച്ച് പൂട്ടി ഏലൂർ നിന്നും കളമശേരി എസ്ബിഐയ്ക്ക് എതിർവശം സ്കൂട്ടർ നിർത്തിയ ശേഷം എടിഎമ്മിൽ കയറി പാസ് ബുക്ക് പതിച്ച് തിരികെ എതിർവശം പാർക്ക് ചെയ്തിരുന്ന ആക്ടീവ സ്കൂട്ടർ എടുക്കാൻ ചെന്നപ്പോൾ സ്കൂട്ടറിന്റെ ഡിക്കി പൊളിച്ചതായി കണ്ടു.
പരിശോധനയിൽ പണം നഷ്ടപ്പെട്ടതായി കണ്ട ഉടൻ ഏലൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി മടങ്ങി.
തുടർ അന്വേഷണത്തിൽ ഉത്തർപ്രദേശിൽ നിന്നും ഇന്നലെയാണ് പ്രതിയെ പിടികൂടിയത്. എസ്ഐ ജോസ് ബെന്റോ, ഷെജിൽ കുമാർ, സുരേഷ് കുമാർ, സിപിഒ മാരായ ജിജോ, ദയാൽ, വിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.