കൊച്ചി: ഗസ്റ്റ് ലക്ചററാകാന്‍ എസ്എഫ്ഐ മുന്‍ നേതാവ് കെ. വിദ്യ എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ചമച്ച സംഭവത്തില്‍ കേസ് അഗളി പോലീസിനു കൈമാറി.
വിദ്യയ്ക്കെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്ഐആറും രേഖകളും അഗളി പോലീസ് സ്റ്റേഷനിലേക്ക് ഇന്നലെ കൊണ്ടുപോയതായി ഡിസിപി എസ്. ശശിധരന് പറഞ്ഞു.
സംഭവത്തില്‍ വ്യാജരേഖ സമര്‍പ്പിച്ച കോളജ് അഗളി പോലീസ് സ്റ്റേഷന് പരിധിയിലായതിനാലാണ് കേസ് അവിടേയ്ക്ക് കൈമാറിയിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മഹാരാജാസ് പ്രിന്‍സിപ്പല്‍ വ്യാജ രേഖ സംബന്ധിച്ച് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന് സമര്‍പ്പിച്ചിരുന്നു.
ഈ റിപ്പോര്‍ട്ട് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് അഗളി പോലീസിന് കൈമാറിയത്.ഈ മാസം രണ്ടിനു പാലക്കാട് അട്ടപ്പാടി ആര്‍ജിഎം ഗവ. കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂവിനു വിദ്യ രണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയിരുന്നു.
2018 ജൂണ്‍ 4 മുതല്‍ 2019 മാര്‍ച്ച് 31 വരെയും 2020 ജൂണ്‍ 10 മുതല്‍ 2021 മാര്‍ച്ച് 31 വരെയും മഹാരാജാസിലെ മലയാള വിഭാഗത്തില്‍ പഠിപ്പിച്ചിരുന്നുവെന്നാണ് ഇവയില്‍ പറയുന്നത്.
ആദ്യ സര്‍ട്ടിഫിക്കറ്റിലെ കാലയളവില്‍ വിദ്യ യഥാര്‍ഥത്തില്‍ മഹാരാജാസിലെ പിജി വിദ്യാര്‍ഥിയായിരുന്നു. ഇന്റര്‍വ്യൂ പാനലിലുള്ളവര്‍ ലോഗോയും സീലും കണ്ടു സംശയം തോന്നി മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടപ്പോഴാണ് സംഭവം പുറത്തായത്.
മഹാരാജാസ് മലയാള വിഭാഗത്തില്‍ 10 വര്‍ഷമായി ഗസ്റ്റ് ലക്ചറര്‍മാരെ നിയമിച്ചിട്ടില്ല. വിവാദത്തെത്തുടര്‍ന്ന് കോളജ് പ്രിന്‍സിപ്പല്‍ എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.