കൊച്ചി: മിനി കൂപ്പര്‍ വിവാദത്തിന്റെ പേരില്‍ സിഐടിയുവില്‍നിന്ന് പുറത്താക്കിയ പി.കെ. അനില്‍കുമാറിന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റെ ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥനെന്ന വ്യാജേന പരിശോധനയ്ക്കെത്തിയ ആളെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റു ചെയ്തു.
ആലുവ മുപ്പത്തടം ശ്രീനിലയത്തില്‍ പരമേശ്വരന് (65) ആണ് അറസ്റ്റിലായത്. ഇന്നലെയാണ് ഇഡി ഉദ്യോഗസ്ഥനെന്ന് സ്വയംപരിചയപ്പെടുത്തിയ ഇയാള്‍ പി.കെ അനില്‍കുമാറിന്റെ കൊച്ചുകടവന്ത്രയ്ക്ക് സമീപമുള്ള വീട്ടിലെത്തിയത്.
ആഡംബര വാഹനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആരാഞ്ഞ ഇയാളുടെ ഐഡി കാര്‍ഡ് വീട്ടുകാര്‍ ചോദിച്ചതോടെ ഇയാള്‍ സ്ഥലത്തുനിന്നും കടന്നുകളയുകയായിരുന്നു.
തുടര്‍ന്ന് വീട്ടുകാര്‍ സൗത്ത് പോലീസില്‍ പരാതി നല്കി. സൗത്ത് എസ്എച്ച്ഒ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ആലുവ മുപ്പത്തടം സ്വദേശിയാണെന്ന് വ്യക്തമായി.
വ്യക്തിവിരോധത്തെത്തുടര്ന്നാണ് ഇഡി ഉദ്യോഗസ്ഥനെന്നു പറഞ്ഞ് വീട്ടിലെത്തിയതെന്നാണ് പ്രതി പോലീസിനെ അറിയിച്ചത്. പ്രതിയെ ഉച്ചയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കും.