തൃശൂർ: ഫെയ്സ്ബുക്കിൽ വ്യാജ പ്രൊഫൈൽ നിർമിച്ച് തട്ടിപ്പു നടത്തുന്ന സൈബർക്രിമിനലുകൾ പെരുകുന്പോൾ കേസുകൾ മുന്നോട്ടുകൊണ്ടുപോകാനാകാതെ കേരളത്തിലെ സൈബർ സെൽ വിഷമിക്കുന്നു.
സൈബർ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന ഇത്തരം കേസുകളിൽ മിക്കപ്പോഴും അന്വേഷണം ചെന്നെത്തുന്നത് ഐപി അഡ്രസിലാണെന്നും 99 ശതമാനം ഐപി അഡ്രസുകളും ഇന്ത്യയ്ക്ക് പുറത്തുള്ളതായിരിക്കുമെന്നും അതോടെ അന്വേഷണം ഏറെക്കുറെ നിലയ്ക്കുന്ന മട്ടാണെന്നും സൈബർ സെൽ ഉദ്യോഗസ്ഥർ പറയുന്നു.
ഇന്ത്യയ്ക്ക് പുറത്തുള്ള ഐപി അഡ്രസിലേക്ക് അന്വേഷണം നീങ്ങണമെങ്കിൽ കേന്ദ്രസർക്കാരിന്റെ അനുമതിയടക്കം നൂലാമാലകളേറെയാണ്. അതുകൊണ്ടുതന്നെ പരാതിക്കാരും ഇതിനു പിന്നാലെ പോകാൻ മടിക്കുന്നു. അതോടെ ഇത്തരം കേസുകൾ ഡിജിറ്റൽ കോൾഡ് സ്റ്റോറേജിൽ കുന്നുകൂടിക്കിടക്കുന്ന സ്ഥിതിയാകും.
എഫ്ബിയിൽ ആളുകളുടെ ഫോട്ടോയും മറ്റും ഉപയോഗിച്ച് വ്യാജ പ്രൊഫൈലുകൾ രൂപകൽപന ചെയ്ത് പണം തട്ടിയെടുക്കുന്നത് പതിവായിരിക്കുകയാണ്.
അത്യാവശ്യമായി പണം ആവശ്യമുണ്ടെന്ന് കാണിച്ച് എഫ്ബിയിലെ ഫ്രണ്ട്സിന് എഫ്ബിയിലെ മെസേഞ്ചർ വഴിയും മറ്റും മെസേജ് അയക്കുകയും ചാറ്റ് ചെയ്യുന്പോൾ യാതൊരു സംശയവും തോന്നാത്ത രീതിയിൽ തിരിച്ചു ചാറ്റ് ചെയ്യുകയും പലതും പറഞ്ഞ് കബളിപ്പിച്ച് പണം തട്ടുകയും ചെയ്യുന്നത് പുതുമയില്ലാത്ത കുറ്റകൃത്യമായെങ്കിലും ഇത് നിർബാധം തുടരുകയാണ്.
മിക്കവരും തങ്ങളുടെ പേരുപയോഗിച്ച് ആരോപണം ചോദിക്കുകയും കൈപ്പറ്റുകയും ചെയ്തതിനു ശേഷമാണ് സംഗതിയറിയാറുള്ളത്. അപ്പോഴേക്കും വിരുതൻമാർ ആവശ്യത്തിനു പണം തട്ടിയെടുത്തിരിക്കും. തുടർന്ന് കേസിനു പോയാലും അത് അധികം മുന്നോട്ടുപോകാതെ നിലയ്ക്കുകയും ചെയ്യും.
എന്നാൽ മിക്കവരും എഫ്ബിയിലും മറ്റും ഇത്തരത്തിൽ വ്യാജപ്രൊഫൈൽ ആരെങ്കിലും ഉണ്ടാക്കിയെന്ന് ശ്രദ്ധയിൽ പെട്ടാൽ പോലും പോലീസ് സ്റ്റേഷനിലോ സൈബർ സ്റ്റേഷനിലോ പരാതിപ്പെടുന്നില്ലെന്നതാണ് മറ്റൊരു കാര്യം.
തങ്ങളുടെ പേരിൽ ആരോ വ്യാജപ്രൊഫൈൽ ഉണ്ടാക്കിയിട്ടുണ്ടെന്നും അവരുമായുള്ള പണമിടപാടുകൾക്ക് തങ്ങൾ ഉത്തരവാദികളല്ലെന്നുമുള്ള ഒരു മുൻകൂർ ജാമ്യാപേക്ഷ എഫ്ബിയിലും മറ്റും പോസ്റ്റു ചെയ്തിടുക മാത്രമാണ് പലരും ചെയ്യുന്നത്. ഇത് തട്ടിപ്പുകാർക്ക് കൂടുതൽ അവസരമൊരുക്കലാണെന്ന് പോലീസ് തന്നെ പറയുന്നു.
തന്റെ പേരിൽ ആരോ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ചതറിഞ്ഞ് തൃശൂരിലെ പൊതുപ്രവർത്തകനും കോണ്ഗ്രസ് നേതാവുമായ കോലഴി സ്വദേശി കെ.സന്തോഷ്കുമാർ തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുന്പോഴേക്കും സുഹൃത്തുക്കളിൽ നിന്ന് ആ വ്യാജൻ പണം തട്ടിയെടുത്തുകഴിഞ്ഞിരുന്നു.
ഞങ്ങളെ പോലുള്ള പൊതുപ്രവർത്തകരുടെ പേരു പറഞ്ഞ് ഇത്തരം വ്യാജപ്രൊഫൈൽ നിർമിച്ച് പണം തട്ടുന്നവർ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും നടപടികൾ വൈകുമെങ്കിലും നിർബന്ധമായും പോലീസ് സ്റ്റേഷനിലോ സൈബർ സ്റ്റേഷനിലോ പരാതി നൽകണമെന്നും സന്തോഷ്കുമാർ പറഞ്ഞു.
എഫ്ബിയോ സോഷ്യൽമീഡിയയോ വഴി ആരെങ്കിലും പണം കടം ചോദിക്കുകയാണെങ്കിൽ പണം ചോദിച്ചയാളുമായി നേരിട്ടോ ഫോണിലോ ബന്ധപ്പെട്ട ശേഷം മാത്രം പണമിടപാട് നടത്തുക എന്ന നിർദ്ദേശമാണ് പോലീസ് നൽകുന്നത്.
സ്വന്തം ലേഖകൻ