വിവാദ ആള്‍ദൈവം നിത്യാനന്ദയെക്കുറിച്ച് കഴിഞ്ഞ കുറേ നാളുകളായി വാര്‍ത്തയൊന്നും കേള്‍ക്കാനില്ലായിരുന്നു.
ഇതുവരെ അന്വേഷണ ഏജന്‍സികള്‍ക്കു പോലും കണ്ടെത്താനാകാത്ത നിത്യാനന്ദ ജീവനോടെ ഉണ്ടോയെന്ന ചോദ്യവും ഇതോടെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു.
ഫേസ്ബുക്കിലടക്കം നിരന്തരം പ്രത്യക്ഷപ്പെട്ടിരുന്ന നിത്യാനന്ദയെ ഇപ്പോള്‍ കാണുന്നില്ലെന്നതാണ് ഇത്തരമൊരു സംശയത്തിനിട നല്‍കിയത്.
ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും മരുന്നുകളുടെ അമിതമായ ഉപയോഗവും ലിവര്‍ സിറോസിസ് അടക്കമുള്ള രോഗങ്ങളും ഇയാളെ അലട്ടുന്നുണ്ടെന്നും പുറത്തുവന്ന ചില റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു.
കാണാതായ മുന്‍ നടി അടക്കമുള്ളവരും ഇയാള്‍ക്കൊപ്പം ഉണ്ടെന്നാണു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. തമിഴ് മാധ്യമങ്ങള്‍ ഇദ്ദേഹത്തിന്റെ തിരോധാനം ചര്‍ച്ചയാക്കുന്നുമുണ്ട്.
എന്നാല്‍ ഇതെല്ലാം നിഷേധിക്കുകയാണ് നിത്യാനന്ദയുടെ അനുയായികള്‍. അദ്ദേഹം സമാധിയില്‍ ആണെന്നും ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ ഇവിടെ ഉണ്ടെന്നും അനുയായികള്‍ അവകാശപ്പെടുന്നു.
സമാധിയില്‍ ഇരിക്കുന്നതുെകാണ്ട് ഒന്നും കഴിക്കാന്‍ കഴിയില്ല. ശക്തി വീണ്ടെടുത്ത് അദ്ദേഹം ഉടന്‍ തിരിച്ചുവരും.
ജീവനോടെയില്ലെന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ഔദ്യോഗിക പേജിലൂടെ ഇയാളുടെ അനുയായികള്‍ അവകാശപ്പെട്ടു.
ഇക്വഡോറിനു സമീപത്തുള്ള സ്വകാര്യ ദ്വീപ് വാങ്ങിയ നിത്യാനന്ദ പിന്നീടത് കൈലാസ എന്ന പേരില്‍ സ്വന്തം രാജ്യമായി പ്രഖ്യാപിക്കുകയായിരുന്നു.
ആരോഗ്യം, വിദ്യാഭ്യാസം, വാണിജ്യം, ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് തുടങ്ങിയ വകുപ്പുകളുമായി സമ്പൂര്‍ണ ഭരണമുള്ള രാജ്യമായാണ് കൈലാസത്തെ നിത്യാനന്ദ വിശേഷിപ്പിക്കുന്നത്.
കൈലാസത്തിനു സ്വന്തമായി പാസ്പോര്‍ട്ടും പതാകയും ദേശീയ ചിഹ്നവുമെല്ലാമുണ്ട്. രാജ്യത്തിന്റേതായ വെബ്സൈറ്റും ആരംഭിച്ചിരുന്നു. എന്തായാലും നിത്യനന്ദയുടെ തിരോധാനം ചൂടേറിയ ചര്‍ച്ചയായിട്ടുണ്ട്.