തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച സംഭവത്തിൽ നാല് പ്രതികൾക്ക് ജാമ്യം ലഭിച്ചതിനെതിരേ അന്വേഷണ സംഘം അപ്പീൽ പോകുന്നതിന് നിയമോപദേശം തേടും. നിയമോപദേശം തേടാനായി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ ഇന്ന് അഡ്വക്കേറ്റ് ജനറലിനെ കാണും .
പത്തനംതിട്ട അടൂർ സ്വദേശികളായ ഫെനി നൈനാൻ, ബിനിൽ ബിനു, വികാസ് കൃഷ്ണൻ, അഭിവിക്രം എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരാക്കിയത്.
കോടതി നാല് പേർക്കും ഇടക്കാല ജാമ്യം നൽകിയത് അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും നാണക്കേടായി മാറുകയും വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീൽ നൽകാൻ അന്വേഷണ സംഘം തീരുമാനിച്ചത്. പ്രതികൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധത്തിൽ പ്രവർത്തിച്ചുവെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പോലീസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ തന്നെ ഇടക്കാല ജാമ്യം നൽകുകയായിരുന്നു.