പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അത്തരം വ്യാജ ചിത്രങ്ങളുടെ പ്രചരണത്തില്‍ കുടുങ്ങുന്നതാവട്ടെ സാധാരണക്കാരും. നിജസ്ഥിതി മനസിലാക്കാതെ ഇത്തരം ചിത്രങ്ങള്‍ പങ്കുവെക്കുന്നതും കുറ്റകരവുമാണ്. എന്നാലിതാ അത്തരത്തിലുള്ള വ്യാജ ചിത്രത്തിന്റെ പ്രചരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. ഇന്ത്യന്‍ ആര്‍മിയിലെ ഉദ്യോഗസ്ഥന്‍ പൗരത്വ നിയമഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്ന യുവതിയുടെ വസ്ത്രത്തില്‍പ്പിടിച്ചു വലിക്കുന്നു എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
അസം സ്വദേശിയായ യുവതിയാണ് ചിത്രത്തിലുള്ളതെന്നു പറഞ്ഞുകൊണ്ടാണ് ചിത്രം പ്രചരിക്കപ്പെടുന്നത്. ഇങ്ങനെയാണ് ഇന്ത്യന്‍ ജവാന്മാര്‍ സ്ത്രീകളോട് പെരുമാറുന്നത് എന്നര്‍ഥം വരുന്ന ഹിന്ദിയിലുള്ള കുറിപ്പിനൊപ്പമാണ് സമൂഹമാധ്യമങ്ങളില്‍ ഈ ചിത്രം പ്രചരിക്കപ്പെടുന്നത്. പൗരത്വനിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച അസം സ്വദേശിനിയായ യുവതിയോട് ഇന്ത്യന്‍ ജവാന്‍ മോശമായി പെരുമാറുന്നു എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. വളരെപ്പെട്ടെന്നാണ് ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നു പിടിച്ചത്.
എന്നാല്‍ കുറിപ്പിലെ അവകാശവാദം തെറ്റാണെന്ന തരത്തിലുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പിങ്കുരാജ് എന്ന ഫേസ്ബുക്ക് യൂസര്‍ ആ ചിത്രത്തിനു താഴെയുള്ള ഹിന്ദിയിലുള്ള കുറിപ്പ് വിവര്‍ത്തനം ചെയ്തതിങ്ങനെ -ഇന്ന് ‘അസമില്‍ കണ്ടത് ഇതാണ്, നാളെ ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും ഇതു സംഭവിക്കാം. ഡല്‍ഹിയില്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങളുണ്ട്. എങ്ങനെയാണവര്‍ ചോദിക്കുമ്പോള്‍ തന്നെ പലതരം രേഖകള്‍ എടുത്തു കൊടുക്കുന്നത്..?’
എന്നാല്‍ ചിത്രം വളരെ പഴയതാണെന്നതാണ് യാഥാര്‍ഥ്യം. 2008 ല്‍ വാര്‍ത്താ ഏജന്‍സിയായ ‘റോയിട്ടേഴ്സി’ല്‍ വന്നതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ വിശദാംശങ്ങളെപ്പറ്റി ഒരു ന്യൂസ് ഏജന്‍സി പറയുന്നതിങ്ങനെ…2008 മാര്‍ച്ച് 24 ന് നേപ്പാളിലെ കാഠ്മണ്ഡുവില്‍ വച്ചെടുത്ത ചിത്രമാണിത്. കാഠ്മണ്ഡുവിലെ യുണൈറ്റ് നേഷന്‍സ് ബില്‍ഡിങ്ങിനു മുന്നില്‍ ടിബറ്റന്‍ പ്രതിഷേധക്കാരും പൊലീസ് ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടിയപ്പോഴെടുത്ത ചിത്രം. അതുകൊണ്ടു തന്നെ ചിത്രത്തോടൊപ്പം പ്രചരിക്കുന്ന കുറിപ്പില്‍ പറയുന്ന കാര്യങ്ങളാവട്ടെ തികച്ചും അസത്യവും.