വലിയ വിലകൊടുത്തു സ്വന്തമാക്കിയ ചിത്രങ്ങളിൽ ഭൂരിഭാഗവും വ്യാജമാണെന്നു തിരിച്ചറിഞ്ഞതിന്റെ ഞെട്ടലിലാണ് ദക്ഷിണ ഫ്രാൻസിലെ ഏലിനുള്ള കാടാസ്ട്രോപ് മ്യൂസിയത്തിലെ അധികൃതർ. വിഖ്യാത ഫ്രഞ്ച് ചിത്രകാരൻ എടിയന്ന ടെറസിന്റെ ചിത്രങ്ങളുടെ വലിയ ശേഖരമുണ്ടെന്നായിരുന്നു ഈ മ്യൂസിയത്തിന്റെ പെരുമ.
എന്നാൽ എടിയന്ന ടെറസിന്റെ ചിത്രമെന്ന പേരിൽ ഇവിടെയുണ്ടായിരുന്ന 140 ചിത്രങ്ങളിൽ 82 ചിത്രങ്ങൾ മറ്റാരോ വരച്ചതാണെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. 160,000 യൂറോ വിലകൊടുത്ത് വാങ്ങിയതായിരുന്നു ഈ ചിത്രങ്ങൾ.
അടുത്തിടെ മ്യൂസിയം സന്ദർശിച്ച എറിക് ഫൊർകാഡ എന്ന ചരിത്രകാരനാണ് ചിത്രങ്ങളിലെ കൃതിമം കണ്ടെത്തിയത്. എടിയെന്ന വരച്ചതെന്ന പേരിൽ മ്യൂസിയത്തിലുണ്ടായിരുന്ന ചിത്രങ്ങളിലുള്ള കെട്ടിടങ്ങളെല്ലാം ടെറസിന്റെ ജീവിതകാലത്തുള്ളതല്ലെന്നും അത്രത്തോളം പഴക്കമില്ലാത്തതാണെന്നും ഫൊർകാഡ് കണ്ടെത്തുകയായിരുന്നു.
തുടർന്ന് വാസ്തവമറിയാൻ മ്യൂസിയം അധികൃതർ നിയോഗിച്ച പ്രത്യേക സമിതിയും അക്കാര്യം സ്ഥിരീകരിച്ചു. എന്തായാലും കബളിപ്പിച്ചവർക്കെതിരേ നടപടിയാവശ്യപ്പെട്ട് മ്യൂസിയം അധികൃതർ കേസ് നൽകിയിട്ടുണ്ട്.