ദുബായ് : സന്ദർശക വിസയിൽ യുഎഇയിലുള്ള മുതിർന്ന പൗരന്മാർക്ക് കോവിഡ് വാക്സിൻ ലഭിക്കുന്നതിന് ദുബായിലെ ഇന്ത്യൻ കോണ്‍സുലേറ്റ് ശ്രമിക്കുന്നതായുള്ള സന്ദേശങ്ങൾ വ്യാജമെന്ന് അധികൃതർ.
സമൂഹ മാധ്യമങ്ങളിലൂടെയാണ് സന്ദേശം പ്രചരിക്കുന്നത്. യുഎഇയിൽ സന്ദർശക വിസയിലുള്ള മുതിർന്ന പൗരന്മാരുടെ വിവരം എത്രയും വേഗം അറിയിക്കണമെന്ന സന്ദേശമാണ് ദുബായിലെ ഇന്ത്യൻ കോണ്‍സുലേറ്റിന്റെ പേരിൽ പ്രചരിക്കുന്നത്.
കോണ്‍സുലേറ്റിന്റെ ഹെൽപ് ലൈനിലേക്കുള്ള ഒരു ലിങ്ക് സഹിതമാണ് സന്ദേശം പ്രചരിക്കുന്നത്. മുതിർന്ന പൗര·ാരുടെ വിവരങ്ങൾ അറിയിച്ചാൽ കോണ്‍സുലേറ്റ് മുൻകൈയെടുത്തു വാക്സിൻ ലഭ്യമാക്കുമെന്നാണ് സന്ദേശത്തിലൂടെ അറിയിച്ചിരിക്കുന്നത്.
എന്നാൽ ഇത് വ്യാജമാണെന്നും നിലവിൽ യുഎഇയിൽ റെസിഡന്റ്സ് വിസയുള്ളവർക്ക് മാത്രമാണ് വാക്സിൻ നൽകുന്നതെന്നും കോണ്‍സുലേറ്റ് അധികൃതർ വ്യക്തമാക്കി.
ഇത്തരം സന്ദേശങ്ങളിൽ വിശ്വസിക്കരുതെന്നും മറ്റുള്ളവർക്ക് സമൂഹമാധ്യമങ്ങളിലൂടെ അയച്ചു കൊടുത്ത് കൂടുതൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കരുതെന്നും കോണ്‍സുലേറ്റ് അഭ്യർഥിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള