തൊടുപുഴ മുതലക്കോടം ഹോളിഫാമില ആശുപത്രിക്കെതിരേ ഓണ്‍ലൈന്‍ മീഡിയയിലൂടെ വ്യാജപ്രചാരണം നടത്തുന്നുവെന്ന് ആശുപത്രി അധികൃതര്‍, ജൂലൈയില്‍ നടന്ന സംഭവത്തിന്റെ സത്യാവസ്ഥ ഇങ്ങനെ

തൊടുപുഴ മുതലക്കോടം ഹോളിഫാമിലി ആശുപത്രിക്കെതിരേ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണം നടത്തുന്നതായി ആശുപത്രി അധികൃതര്‍. 2018 ജൂലൈയില്‍ നടന്ന ഒരു സംഭവത്തിന്റെ മറവിലാണ് ഈ വ്യാജപ്രചാരണമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ആശുപത്രിയില്‍ മരുന്നിന് അമിത തുക ഈടാക്കി കൊള്ളയടിക്കുന്നുവെന്ന മട്ടിലാണു കുപ്രചാരണം.

യാഥാര്‍ഥ്യത്തിനു നിരക്കാത്തതാണ് യഥാര്‍ഥ സംഭവം ഇതാണെന്നും ആശുപത്രി അധികൃതര്‍ പറയുന്നു: കുഞ്ചിത്തണ്ണിയിലുള്ള ഒരു കുടുംബം 2018 ജൂലൈ 12ന് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തി. അനാവിന്‍ എന്ന മരുന്നിന്റെ ബില്ല് അടിച്ചപ്പോള്‍ ക്ലറിക്കല്‍ മിസ്റ്റേക്ക് സംഭവിച്ചു. 81.95 രൂപ വിലയുള്ള മരുന്നിന്റെ തുക അടിച്ചപ്പോള്‍ ഇടയ്ക്കുള്ള പോയിന്റ് വീണില്ല. ഇതോടെ 8195 രൂപ എന്നു ബില്ലില്‍ വന്നു. ഇതു മനസിലാക്കാതെ കൗണ്ടറില്‍ ഇരുന്നവര്‍ തുക ഈടാക്കി. എന്നാല്‍, പിറ്റേന്നു രോഗിയുടെ കുടുംബം പരാതി പറഞ്ഞതോടെ ആശുപത്രി അധികൃതര്‍ പരിശോധന നടത്തി. ക്ലറിക്കല്‍ മിസ്റ്റേക്ക് സംഭവിച്ചതായി കണ്ടെത്തി. ഇതോടെ അധികമായി ഈടാക്കിയ പണം തിരികെ നല്‍കി ഖേദം പ്രകടിപ്പിച്ചു. തെറ്റ് വരുത്തിയ പെണ്‍കുട്ടി കരഞ്ഞുക്ഷമയും ചോദിച്ചു.

വീട്ടുകാര്‍ പ്രശ്‌നമില്ലെന്നു പറഞ്ഞുപോയെങ്കിലും പിന്നീട് കുടുംബവുമായി ബന്ധപ്പെട്ട ഒരാള്‍ ആശുപത്രിയില്‍ അമിത തുക ഈടാക്കുന്നുവെന്നു പറഞ്ഞു തൊടുപുഴ പോലീസില്‍ പരാതി നല്‍കി. പോലീസ് ആശുപത്രിയിലെത്തി രണ്ടു വര്‍ഷത്തെ ബില്ലുകള്‍ മുഴുവന്‍ പരിശോധിച്ചു. അമിത തുക ഈടാക്കുന്നതോ ക്രമക്കേടോ കണ്ടെത്താനായില്ല. ഈ കേസ് അന്വേഷണത്തിന്റെ അവസാനഘട്ടത്തിലാണ്. ഇതിനിടെ, കഴിഞ്ഞ ദിവസം രോഗിയുടെ ചാര്‍ട്ട് ചോദിച്ചു ഒരു സംഘം വീണ്ടുമെത്തി.

പോലീസ് അന്വേഷണം നടക്കുന്നതിനാല്‍ ചാര്‍ട്ട് കൈമാറാനാവില്ലെന്നും പോലീസിനോടു ചോദിക്കണമെന്നും ആശുപത്രി അധികൃതര്‍ മറുപടി നല്‍കി. ഇതോടെ ശകാരവര്‍ഷം നടത്തുകയും ആശുപത്രി പൂട്ടിക്കുമെന്നു ഭീഷണി മുഴക്കുകയും ചെയ്ത ശേഷമാണ് അവര്‍ മടങ്ങിയതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ഇതിനു പിന്നാലെയാണ് ഓണ്‍ലൈന്‍ വ്യാജപ്രചാരണം തുടങ്ങിയതെന്നും ഇവര്‍ പറയുന്നു. വ്യാജപ്രചരണങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Related posts