തിരുവനന്തപുരം: നടൻ മോഹൻലാൽ കോവിഡ് ബാധിച്ച് മരിച്ചെന്ന് വാർത്ത പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് പാഡി സ്വദേശി സമീർ ബിയാണ് അറസ്റ്റിലായത്.
തിരുവനന്തപുരം റേഞ്ച് ഡിഐജി കെ സഞ്ജയ്കുമാർ ഐപിഎസിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോവിഡ് വൈറസുമായി ബന്ധപ്പെട്ട് നിരവധി വിഐപികളെയും സെലിബ്രിറ്റികളെയും ബാധിക്കുന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിനും, പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തതിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഐപിസി 469, സിഐടി 66, ദുരന്ത നിവാരണ 54 നിയമ പ്രകാരമാണ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും മാർച്ച് 31 രാത്രി മുതലാണ് ഇയാൾ ഇത്തരത്തിൽ സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തിയതെന്നും പോലീസ് അറിയിച്ചു.
വ്യാജ വാർത്തകൾ നിർമിക്കാനും, പ്രചരിപ്പിക്കാനും ഉപയോഗിച്ച ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തു. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും പോലീസ് അറിയിച്ചു.