കോഴിക്കോട്: ശബരിമലയിലെ യുവതീപ്രവേശം, ഹര്‍ത്താല്‍ എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങള്‍ അടിസ്ഥാനമാക്കി സാമൂഹിക മാധ്യമങ്ങളില്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരേ “സൈബര്‍ ഓപ്പറേഷനു’മായി പോലീസ്. ജമ്മുകാശ്മീരിലെ കഠ്വയില് എട്ടുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടന്ന സംസ്ഥാനത്ത് നടന്ന വാട്സ് ആപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പോലീസ് സ്വീകരിച്ച നടപടിയ്ക്കു സമാനമായ രീതിയിലാണ് പോലീസ് നടപടി സ്വീകരിക്കാനൊരുങ്ങുന്നത്.
ശബരിമലയിലെ യുവതീപ്രവേശം, ഹര്‍ത്താല്‍ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജസന്ദേശങ്ങളും മതസ്പര്‍ദ വളര്‍ത്തും വിധത്തിലുള്ള പ്രചരണങ്ങളും പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം തന്നെ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫേസ്ബുക്കും വാട്സ് ആപ്പും പോലീസ് നിരീക്ഷിക്കുന്നുണ്ട്.
വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി ഇത്തരം സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. ഗ്രൂപ്പ് അഡ്മിന്മാരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. കമ്മ്യൂണല്‍ ക്യാമ്പയിന് , ഹെയ്റ്റ് ക്യാമ്പയിന് എന്നിവ നടത്തുന്നവര്‍ക്കെതിരെ കേസെടുക്കാനും എല്ലാ ജില്ലാപോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിനു പുറമേ സ്പെഷ്യല്‍ബ്രാഞ്ചും ഇക്കാര്യം നിരീക്ഷിക്കുന്നുണ്ട്. സൈബര്‍ പോലീസും സൈബര്‍സെല്ലും ഇത്തരത്തിലുള്ള സന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. മുമ്പ് വാട്സ് ആപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് 85 ക്രിമിനല്‍ കേസുകളായിരുന്നു എടുത്തത്. 1595 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.