കോവിഡ്-19 ഭീതിയിൽ ലോകം അടച്ചുപൂട്ടിക്കഴിയുന്പോൾ പലർക്കും നേരന്പോക്ക് മൊബൈലും സോഷ്യൽ മീഡിയയുമാണ്. എന്നാൽ, സോഷ്യൽ മീഡിയയിൽ ഈ ദിവസങ്ങളിൽ വ്യാജവാർത്തകളുടെ പ്രളയമാണ്. പലതും ജനത്തെ ആശങ്കപ്പെടുത്തുന്നതും ഭീതിപ്പെടുത്തുന്നതും.
തെരുവിൽ കിടക്കുന്നു!
പ്രചാരണം: കോവിഡിൽ വിറങ്ങലിച്ചു നിൽക്കുന്ന ഇറ്റലിയെക്കുറിച്ച് എന്തു വാർത്തകൾ വന്നാലും ആളുകൾ വിശ്വസിച്ചുപോകും എന്നതാണ് അവസ്ഥ. അതു മുതലെടുത്താണ് ഇറ്റലിയിലെ ആശുപത്രികളും മറ്റും നിറഞ്ഞതിനാൽ വഴിയിലും തെരുവോരങ്ങളിലും രോഗികളെ നിരത്തിക്കിടത്തിയിരിക്കുകയാണെന്ന മട്ടിൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
യാഥാർഥ്യം: ഇത് ഇറ്റലിയിലെ ചിത്രങ്ങൾ പോലുമല്ല എന്നതാണ് സത്യം. അടുത്ത കാലത്ത് ക്രൊയേഷ്യയിലുണ്ടായ ഭൂചലനത്തിൽ പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നതാണ് ചിത്രം.
മരിച്ചു വീഴുന്നു
പ്രചാരണം: ഇറ്റലിയുടെ തെരുവുകളിൽ ജനം മരിച്ചുകിടക്കുന്ന ദാരുണദൃശ്യം. ശവശരീരങ്ങൾ പോലെ മനുഷ്യർ തെരുവിൽ ചിതറി കിടക്കുന്നതിന്റെ ഫോട്ടോ.
യാഥാർഥ്യം: ജർമനിയിലെ ഫ്രാങ്ക് ഫർട്ടിൽ 2014 മാർച്ചിൽ നടന്ന ഒരു ഡെമോൺസ്ട്രേഷന്റെ ഫോട്ടോയാണ്. നാസി പാളയങ്ങളിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു നടന്ന പരിപാടിയുടെ ദൃശ്യമാണ് വ്യാജ അടിക്കുറിപ്പോടെ ചിലർ പ്രചരിപ്പിക്കുന്നത്.
ഫ്ലൂവും കൊറോണയും
പ്രചാരണം: കൊവിഡ് രോഗികളുടേതെന്ന പേരിൽ ദാരുണരംഗങ്ങൾ നിറഞ്ഞ വീഡിയോകളിൽ അടുത്ത ദിവസങ്ങളിൽ വാട്ട്സ് ആപ്പിൽ പലർക്കും ലഭിച്ചു.
യാഥാർഥ്യം: 2013ൽ റിലീസായ ഫ്ളൂ എന്ന കൊറിയൻ സിനിമയുടെ ദൃശ്യങ്ങളാണ് പലരും കോവിഡ് ബാധിതരുടേതെന്ന പേരിൽ വീഡിയോ ആയി പ്രചരിപ്പിക്കുന്നത്.
ദുരന്തമുഖം
പ്രചാരണം: ഒരു വിമാനത്തിൽ ആളുകളെ കൊണ്ടിറക്കുന്നു. അവശരായവർ നിലത്തിരുന്നും കിടന്നും ചുമയ്ക്കുകയും വിമ്മിഷ്ടം കാട്ടുകയും ചെയ്യുന്നു. കുറെപ്പേർ അവരെ ശുശ്രൂഷിക്കാൻ വിഷമിക്കുന്നു. ഏത്യോപ്യയിൽനിന്നു ഇറ്റലിയിലേക്കു വിമാനത്തിൽ വന്നവർ എന്ന മട്ടിലാണ് അടിക്കുറിപ്പ്.
യാഥാർഥ്യം: 2019 നവംബറിൽ സെനഗലിൽ വിമാനറാഞ്ചൽ നേരിടാനുള്ള പരിശീലന(മോക്ഡ്രിൽ)മാണ് ചിത്രത്തിൽ കാണുന്നത്.
ഭീതിപരത്തുന്ന ജീവികൾ
പ്രചാരണം: സോഷ്യൽ മീഡിയയിലെ സ്ഥിരം വ്യാജഇനങ്ങളിലൊന്നാണ് അദ്ഭുതജീവികളെ കണ്ടെന്ന മട്ടിൽ വിഡിയോ സഹിതമുള്ള പ്രചാരണം. പലപ്പോഴും മനുഷ്യനെ പേടിപ്പെടുത്തുന്ന തരത്തിലായിരിക്കും ഇതിന്റെ അവതരണം.
കോറോണക്കാലത്തും അത്തരമൊരെണ്ണം പ്രചരിക്കുന്നുണ്ട്. ഇറ്റലിയിലെ ഒരു പള്ളിയുടെ മുകളിൽ വിചിത്രജീവി ചിറകുകൾ വിരിച്ചു പറന്നിറങ്ങിയിരിക്കുന്നതാണ് ചിത്രം. മതപരമായ വിദ്വേഷം എരിവും പുളിയുമായി ചേർത്താണ് അവതരണം.
യാഥാർഥ്യം: നിക്കരാഗ്വയിൽ പ്രവർത്തിക്കുന്ന ഒരു ഗ്രാഫിക് ഡിസൈനിംഗ് സ്ഥാപനം സ്പെഷൽ ഇഫക്ട് ഉപയോഗിച്ചു കംപ്യൂട്ടറിൽ തയാറാക്കിയതാണ് ഈ വീഡിയോ.
പ്രചാരണം: ചൈനയിൽ ഒരു ഭീമാകാരമായ ഒരു ഡ്രാഗൺ ആകാശത്തേക്കു പറന്നുപോകുന്നതാണ് മറ്റൊരു വിചിത്ര വീഡിയോ. കോവിഡ് വൈറസുമായി ബന്ധപ്പെടുത്തിയാണ് വിവരണം. മഹാമാരി ചൈനയെ വിട്ടുപോകുന്നതാണത്രേ രംഗം.
യാഥാർഥ്യം: ഇതും യഥാർഥ വീഡിയോ അല്ല. ആരോ തയാറാക്കിയ ഗ്രാഫിക്സ് ചിത്രമാണ്.
ഒാർക്കുക: സാങ്കേതിക വിദ്യ ഏറെ വളർന്ന കാലത്തു ചിത്രങ്ങൾ മാത്രമല്ല വിഡിയോ ദൃശ്യങ്ങൾ വരെ കൃത്രിമമായി സൃഷ്ടിക്കാൻ ഇന്നു യാതൊരു ബുദ്ധിമുട്ടുമില്ല. അതിനാൽ അസ്വാഭാവിക ദൃശ്യങ്ങളും വിവരണങ്ങളുമായി വരുന്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും കണ്ടാലുടൻ മറ്റുള്ളവർക്കു ഫോർവേർഡ് ചെയ്തു കൊടുക്കാതിരിക്കുക.