കോതമംഗലത്തെ പെട്രോള്‍ പമ്പില്‍ തട്ടിപ്പ് കണ്ടെത്തി എന്ന പ്രചാരണം വ്യാജമെന്നു കണ്ടെത്തല്‍. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വിഡിയോ വ്യാജമെന്ന് പൊലീസിന്റെയും വകുപ്പുതല ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടന്ന പരിശോധനയിലാണ് കണ്ടെത്തിയത്.
വിഡിയോയുടെ ചിത്രീകരണവും പ്രചാരണവും ആസൂത്രിതമാണെന്ന് പമ്പുടമ ആലുവ സ്വദേശി എസ് വിശ്വനാഥന് പറയുന്നു. കന്നാസില്‍ പെട്രോള്‍ വാങ്ങാനെത്തിയ ഒരുസംഘം യുവാക്കളാണ് ശനിയാഴ്ച രാത്രി പമ്പില്‍ സംഘര്‍ഷമുണ്ടാക്കിയത്. പമ്പിലെ ജീവനക്കാരന് കുറ്റസമ്മതം നടത്തുന്നതും ഒടുവില്‍ ക്ഷമ ചോദിക്കുകയും ചെയ്യുന്ന വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായി പ്രചരിച്ചത്. എന്നാല്‍ അളവില്‍ കുറവാണെന്ന് ആരോപിക്കപ്പെട്ട കന്നാസിലെ പെട്രോള്‍ പിന്നീട് പൊലീസിന്റെ സാന്നിധ്യത്തില്‍ അളന്ന് നോക്കി കൃത്യത ഉറപ്പുവരുത്തിയിരുന്നു.
ഈ ഭാഗം ഒഴിവാക്കിയുള്ള വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ഓഡിയോ ക്ലിപ്പുകള്‍ ഇട്ടിരുന്നു. എന്നാല്‍ അതിന് വലിയ പ്രതികരണമുണ്ടായില്ല. കുറ്റം ആരോപിക്കപ്പെട്ട പമ്പില്‍ ഭാരത് പെട്രോളിയം കമ്പനി, ലീഗല്‍ മെട്രോളജി, ലൈസന്‍സ്ഡ് അധികാരികള്‍, മെഷീന് നിര്‍മാതാക്കള്‍ എന്നിവയുടെ ഉന്നതതല ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി. ക്രമവിരുദ്ധമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.