കേരളം ഇന്ന് ഏറെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന പേരുകളിലൊന്ന് തൃപ്തി ദേശായിയുടേതാണ്. സുപ്രീം കോടതി യുവതീപ്രവേശന വിധി ചൂണ്ടിക്കാട്ടി ശബരിമലയില്‍ പ്രവേശനത്തിനായി എത്തിയിരിക്കുന്ന ഈ ആക്ടിവിസ്റ്റിന്റെ പേരില്‍ കേരളത്തില്‍ സാമുദായിക വിദ്വേഷം പ്രചരിപ്പിക്കാനുള്ള ആസൂത്രിത നീക്കങ്ങളും സജീവമായി. വെള്ളിയാഴ്ച രാവിലെ മുതല്‍ രാഷ്്ട്രീയ പിന്‍ബലമുള്ള ഒരു ചാനലും കര്‍മംകൊണ്ടു വിവാദത്തിലായ ഒരു മലയാളം ഓണ്‍ലൈന്‍ പോര്‍ട്ടലുമാണ് ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇത്തരം വ്യാജപ്രചരണങ്ങള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
തൃപ്തിക്കു പാക്കിസ്ഥാന്‍ ബന്ധങ്ങളുണ്ടെന്നും ഇവരെ കേരളത്തിലേക്ക് എത്തിക്കാനുള്ള ചെലവുകള്‍ വഹിക്കുന്നത് അയല്‍രാജ്യമാണെന്നുമാണ് ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് നല്കിയത്. ക്ഷേത്രങ്ങള്‍ നശിപ്പിക്കാനും ഹിന്ദുക്കളെ ഇളക്കിവിട്ടു കലാപം സൃഷ്ടിക്കാനുമാണ് തൃപ്തിയെ പാക്കിസ്ഥാന്‍ അയച്ചതെന്ന മട്ടില്‍ അത്യന്തം പ്രകോപനപരമായിട്ടാണ് വാര്‍ത്ത പ്രചരിപ്പിച്ചത്.
ഒരു ടിവി ചാനലാകട്ടെ കടുത്ത വര്‍ഗീയ വിദ്വേഷം വളര്‍ത്ുതന്ന രീതിയിലാണ് തൃപ്തി ദേശായിയുടെ വാര്‍ത്ത അവതരിപ്പിച്ചത്. തൃപ്തി മൂന്നു വഷം മുമ്പ് മതംമാറി കൃസ്ത്യാനി ആയെന്നും തൃപ്തിയുടെ വരവിന് പിന്നില്‍ മറ്റു ലക്ഷ്യങ്ങളുണ്ടെന്നുമുള്ള മട്ടിലായിരുന്നു വാര്‍ത്ത. ഇവ സോഷ്യല്‍ മീഡിയയിലും ചില ഗ്രൂപ്പുകള്‍ വ്യാപകമായി പ്രചരിപ്പിച്ചു.
വര്‍ഗീയ വിദ്വേഷം വളര്‍ത്താനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. തൃപ്തിയുടെ വിക്കിപീഡിയ പേജ് പോലും 24 മണിക്കൂറിനുള്ളില്‍ പലവട്ടം തിരുത്തപ്പെട്ടു. ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രേരണയാല്‍ മതംമാറപ്പെട്ട വ്യക്തിത്വമാണ് തൃപ്തിയുടേതെന്ന് രാവിലെ ആരോവിക്കിപീഡിയയില്‍ ചേര്‍ത്തു തെറ്റായ കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ വിക്കീ വോളണ്ടിയര്‍മാര്‍ പേജ് തിരുത്തി.
അതേസമയം, തൃപ്തി മതംമാറിയെന്ന് എഡിറ്റ് ചെയ്തു ചേര്‍ത്ത ഭാഗത്തിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്തു വാട്ട്‌സ് ആപ് ഗ്രൂപ്പുകളിലൂടെയും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. കാണുന്നവര്‍ക്ക് ഇതു തൃപ്തിയുടെ യഥാര്‍ഥ ബയോഡേറ്റയാണെന്നു തോന്നുന്ന തരത്തിലാണ് പ്രചാരണം.
ആരാണ് തൃപ്തി ദേശായി
കര്‍ണാടകയില്‍ ജനിച്ച തപ്തി പൂനയിലാണ് താമസം. ഭര്‍ത്താവ് പ്രശാന്ത് ദേശായി. ഭാര്യ ആക്ടിവിസ്റ്റും തീവ്രമതവിശ്വാസിയുമാണെന്നാണ് ഭര്‍ത്താവ് പറയുന്നത്.
മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ശനി ശിംഗ്്‌നാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കാന്‍ നടത്തിയ പോരാട്ടത്തിലൂടെയാണ് തൃപ്തി ദേശായിയും സംഘടനയായ ഭൂമാതാ റാന്‍രാഗിണി ബ്രിഗേഡും വാര്‍ത്തകളിലിടം നേടിയത്.
2015 ഡിസംബര്‍ 20ന് ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ പ്രവേശിക്കുന്നതിനു ശ്രമം നടത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. എട്ട് ദിവസത്തിനകം പ്രവേശനം നല്‍കിയില്ലെങ്കില്‍ 400 പേരുമായി ക്ഷേത്രത്തിലെത്തുമെന്നായിരുന്നു തൃപ്തിയുടെ നിലപാട്. ഏപ്രിലില്‍ തൃപ്തിയുൂടെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഹര്‍ജിയുമായി തൃപ്തി ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
ക്ഷേത്രപ്രവേശനത്തിന് ലിംഗ വിവേചനം പാടില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. ഇതോടെ ഇവരുടെ പോരാട്ടം ഫലം കണ്ടു. ശനി ശിംഗ്്നാപുര്‍ സംഭവത്തിനു മുമ്പ് കോലാപുരിലെ മഹാലക്ഷ്മി ക്ഷേത്രത്തിലും സമാനമായ സംഭവമുണ്ടായി. ക്ഷേത്രത്തിന്റെ മാനേജ്മെന്റ് പ്രവേശനത്തിന് അനുമതി നല്‍കിയെങ്കിലും അവിടുത്തെ പൂജാരിമാര്‍ തടയുകയും ഇതേത്തുടര്‍ന്ന് പൂജാരിമാര്‍ അറസ്റ്റിലാവുകയും ചെയ്തു. നാസിക്കിലെ ത്രയംബകേശ്വര്‍ ശിവ ക്ഷേത്രത്തിലും ഇവര്‍ പോലീസിന്റെ അകമ്പടിയോടെ പ്രവേശിച്ചിട്ടുണ്ട്.
ഹാജി അലി ദര്‍ഗ
2012ലാണ് മുംബൈയിലെ പ്രശസ്തമായ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്കു പ്രവേശനം തടഞ്ഞത്. ഇതിനെതിരേ രംഗത്തുവന്ന തൃപ്തി 2016 ഏപ്രിലില്‍ ഹാജി അലി ദര്‍ഗയില്‍ പ്രവേശിക്കാന്‍ സുഹൃത്തുക്കളോടൊപ്പമെത്തി ശ്രമം നടത്തിയിരുന്നെങ്കിലും കവാടത്തില്‍ തടഞ്ഞു. ഒടുവില്‍ സ്ത്രീപ്രവേശനത്തിന് എതിരല്ലെന്നു ദര്‍ഗ ട്രസ്റ്റ് സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു.
ദര്‍ഗയില്‍ സ്ത്രീ പ്രവേശനം തടയാനാകില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ദര്‍ഗയില്‍ സ്ത്രീ പ്രവേശനം വിലക്കിയതിനെതിരെ 2014ല്‍ ഭാരതീയ മുസ്്ലിം മഹിളാ ആന്ദോളന്‍ എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കോടതി വിധിയെ തുടര്‍ന്ന് തൃപ്തിയുടെ നേതൃത്വത്തില്‍ 2016 മേയില്‍ നൂറോളം സ്ത്രീകള്‍ ദര്‍ഗയില്‍ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.
ഇതില്‍നിന്നു തന്നെ ഇവര്‍ ഏതെങ്കിലും മറ്റു മതസ്ഥരുടെ പിന്തുണയോടെയല്ല സ്വന്തം തീരുമാനത്തിലാണ് കേരളത്തിലേക്കു വന്നതെന്നു വ്യക്തമാണ്. ഇവര്‍ മതം മാറിയെന്ന് ഇതുവരെ ആരും ആരോപിച്ചിട്ടില്ല.
തുടക്കം
2003ല്‍ ചേരിനിവാസികളുടെ പുനരധിവാസം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ക്രാന്തിവീര്‍ ജോപ്പഡി വികാസ് സംഘ് എന്ന സംഘടനയിലൂടെയാണ് തൃപ്തി പൊതുപ്രവര്‍ത്തനത്തിനിറങ്ങിയത്. 2007 ല്‍ എന്‍സിപിയുടെ നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാര്‍ ഉള്‍പ്പെട്ട സഹകരണബാങ്ക് അഴിമതി പുറത്ത് കൊണ്ടുവരുന്നതില്‍ മുന്‍നിരയില്‍ തൃപ്തിയുമുണ്ടായിരുന്നു. അന്ന് തൃപ്തിക്കു പ്രായം 22 വയസ്.
35000 പേര്‍ക്ക് നിക്ഷേപമുള്ള ബാങ്കില്‍ 29000 പേര്‍ക്ക് നിക്ഷേപം തിരിച്ചു കൊടുക്കാന്‍ തനിക്കായെന്നാണ് തൃപ്തിയുടെ അവകാശവാദം. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരങ്ങളില്‍ തൃപ്തിയുടെ സംഘടനയും പങ്കു ചേര്‍ന്നു.40 പേരുമായി 2010ലാണ് ഭൂമാതാ റാന്‍ രാഗിണി ബ്രിഗേഡ് ആരംഭിച്ചത്. ഇന്ന് സംഘടനയില്‍ അയ്യായിരത്തോളം അംഗങ്ങളുണ്ട്. ലിംഗവിവേചനത്തിനെതിരെയും സ്ത്രീവിമോചനത്തിനായുമാണ് തങ്ങളുടെ പോരാട്ടമെന്നാണ് തൃപ്തിയുടെ പ്രഖ്യാപനം.
രാഷ്ട്രീയം
2012ല്‍ പൂന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരെഞ്ഞെടുപ്പില്‍ തൃപ്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. തെരെഞ്ഞെടുപ്പിലെ തോല്‍വിയോടെ രാഷ്ട്രീയത്തില്‍ നിന്നകന്നു. രാഷ്ട്രീയ പാര്‍ട്ടികളെയെല്ലാം ഒരേ രീതിയിലാണ് താന്‍ കാണുന്നതെന്നും, രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശ്യമില്ലെന്നുമാണ് ഇപ്പോള്‍ 33കാരിയായ തൃപ്തിയുടെ നിലപാട്.
കര്‍ണാടകയിലെ നിപാന്‍ താലൂക്കിലാണ് തൃപ്തി ദേശായിയുടെ ജനനം. തൃപ്തിയുടെ പിതാവ് തെക്കന്‍ മഹാരാഷ്ട്രയിലെ ആള്‍ദൈവം ഗഗന്‍ഗിരി മഹാരാജിന്റെ ശിഷ്യത്വം സ്വീകരിച്ച് ആശ്രമത്തിലെത്തിയപ്പോള്‍ അമ്മയ്ക്കും രണ്ട് സഹോദരങ്ങള്‍ക്കുമൊപ്പമായി തൃപ്തി. ഭര്‍ത്താവ് പ്രശാന്ത് ദേശായ്, ആറ് വയസുള്ള മകന്‍ യോഗിരാജ്.