കൊച്ചി: ഇലഞ്ഞിയിലെ കള്ളനോട്ടടി കേസില്‍ അറസ്റ്റിലായ തമിഴ്നാട് സ്വദേശിനി ആവടി മിലിട്ടറി കോളനിയിലെ ലക്ഷ്മി (48)യ്ക്കു പിന്നില്‍ കള്ളനോട്ടു നിര്‍മാണത്തില്‍ കുപ്രസിദ്ധരായ ചെന്നൈ ലോബിയെന്നു സംശയം.
ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത ലക്ഷ്മിയെ ചോദ്യം ചെയ്തതിലൂടെ ചെന്നൈ ലോബിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കേരളത്തിലെ വിവിധ കള്ളനോട്ടു സംഘങ്ങളുമായി ബന്ധമുള്ള ചെന്നൈ സംഘത്തിലെ കണ്ണിയാണു ലക്ഷ്മി. ഇലഞ്ഞിയിലെ വാടകവീട്ടില്‍ നിര്‍മിച്ച കള്ളനോട്ടുകള്‍ നിര്‍മിക്കാനും അതു തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനും സഹായങ്ങള്‍ ചെയ്തത് ലക്ഷ്മിയാണ്.
ഇവര്‍ എത്തിച്ചുകൊടുത്ത പ്രിന്ററും പേപ്പറും ഉപയോഗിച്ചായിരുന്നു ഇലഞ്ഞിയിലെ കള്ളനോട്ടു നിര്‍മാണമെന്നും ക്രൈംബ്രാഞ്ചിനു വ്യക്തമായ സൂചന കിട്ടി.
ജൂലൈ 27നു കുമളിയില്നിന്നാണു ലക്ഷ്മി അറസ്റ്റിലായത്. ഏഴര ലക്ഷം രൂപയുടെ അഞ്ഞൂറിന്റെ കള്ളനോട്ടുകള്‍ ഇവരില്‍നിന്നു പിടികൂടിയിരുന്നു.
ഇതുവരെ 15 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ ഇലഞ്ഞിയിലെ വാടകവീട്ടില്‍ നിര്‍മിച്ചതായാണു വിവരം. ലക്ഷ്മിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യല്‍ തുടരുകയാണ്.
ഇവരില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേര് അറസ്റ്റിലാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.