പള്ളുരുത്തി: യഥാര്ഥ നോട്ടിനെ വെല്ലുന്ന തരത്തിലുള്ള കളിനോട്ടുകൾ കൊച്ചിയിൽ വ്യാപകമായി പ്രചരിക്കുന്നു. 2000, 500, 200 രൂപ നോട്ടിന് സമാനമായ കളിനോട്ടുകളാണ് പ്രചരിക്കുന്നത്.
ഒറ്റനോട്ടത്തിൽ വ്യാജനെന്ന് തോന്നാത്തതിനാൽ തിരക്കിനിടയിൽ ശ്രദ്ധിക്കാതെ പലതരം ചതിയിൽപ്പെടുന്നു. പള്ളുരുത്തി പെട്രോൾ പമ്പിൽ നിന്ന് കഴിഞ്ഞ ദിവസം 500ന്റെ നോട്ടുകൾക്കിടയിൽ നിന്ന് ജീവനക്കാർക്ക് കളിനോട്ട് ലഭിച്ചിരുന്നു. ഇത്തരം നോട്ടുകൾ ഇടയ്ക്കിടെ പമ്പിൽ ലഭിക്കാറുണ്ടെന്ന് ജീവനക്കാർ പറയുന്നു.
കുട്ടികൾക്ക് കളിക്കാനുള്ള നോട്ടുകൾ എന്ന വ്യാജേനയാണ് ഇത്തരം നോട്ടുകൾ ഇറക്കുന്നതെന്ന സംശയമാണ് വ്യാപാരികൾക്കുള്ളത്. പക്ഷേ കടകളിൽനിന്ന് ലഭിക്കുന്ന കളിക്കാനുപയോഗിക്കുന്ന കളിനോട്ടുകൾക്ക് യഥാർഥ നോട്ടിനേക്കാൾ വലിപ്പമുണ്ടാകും. യഥാർഥ നോട്ടിന്റെ വലിപ്പത്തിൽ കളിനോട്ടുകൾ അച്ചടിച്ചിറക്കുന്നതുപോലും കുറ്റമാണെന്നിരിക്കേ യഥാർഥ നോട്ടിനെ വെല്ലുന്ന രീതിയിലാണ് കളിനോട്ടുകൾ പ്രചരിക്കുന്നത്.
പെട്രോൾ പമ്പിൽനിന്ന് ലഭിച്ച കളിനോട്ടിൽ മഹാത്മാഗാന്ധിയുടെ ചിത്രം രേഖപ്പെടുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു വശത്ത് അശോകചക്രവും മറുവശത്ത് സ്വച്ഛ് ഭാരത് മിഷന്റെ ചിഹ്നവും നോട്ടിന്റെ നമ്പറിന്റെ ഭാഗത്ത് പൂജ്യങ്ങളുമാണ് കളി നോട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഒറിജിനൽ നോട്ടിനേക്കാൾ ഗുണമേന്മ കുറഞ്ഞ പേപ്പറിലാണ് അച്ചടിച്ചിട്ടുള്ളത്. വെളുത്ത വൃത്തത്തിനുള്ളിൽ മഹാത്മഗാന്ധി ചിത്രത്തിന്റെ വാട്ടർമാർക്കും റിസർവ് ബാങ്ക് ഗവർണറുടെ ഒപ്പും നോട്ടിലില്ല. കളിനോട്ടുകൾ ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കില്ലെങ്കിലും സൂക്ഷ്മമായി പരിശോധിച്ചാൽ നിറവ്യത്യാസത്തിലൂടെ തിരിച്ചറിയാനാകും.