കോഴിക്കോട്: സ്കൂള് അധ്യാപകനില് നിന്ന് 17.38 ലക്ഷത്തിന്റെ കള്ളനോട്ടുകള് പിടികൂടിയ സംഭവത്തില് കേസ് അന്വേഷണം ഊര്ജിതമാക്കി. താമരശേരി ഡിവൈഎസ്പി എ.പി. ചന്ദ്രന് അന്വേഷിക്കുന്ന കേസ് അധികം വൈകാതെ ക്രൈംബ്രാഞ്ചിനു കൈമാറും.പുതുപ്പാടി ഈങ്ങാപ്പുഴ മോളോത്ത് ഹിഷാം (36) ആണ് ഇന്നലെ രാവിലെ അറസ്റ്റിലായത്.
താമരശേരി മലപ്പുറത്തെ വീട്ടിലെ അലമാരയ്ക്കു മുകളില് 500ന്റെ കെട്ടുകളായി കവറില് സൂക്ഷിച്ചിരുന്ന 17,38,000 രൂപയുടെ കള്ളനോട്ടാണ് പോലീസ് കണ്ടെടുത്തത്. ലോക്സഭാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോലീസ് ഇന്നലെ രാവിലെ നടത്തിയ പ്രത്യേക പരിശോധനയിലാണ് കള്ളനോട്ട് പിടികൂടിയത്.
നേരത്തേ ഇയാള് ഉള്പ്പെട്ട കള്ളനോട്ട്കേസ് നിലവില് അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്. ആ കേസിനൊപ്പമായിരുക്കും ഈ കേസിന്റെ അന്വേഷണവും നടക്കുക. കള്ളനോട്ടുകള് കേരളത്തിനു പുറത്താണ് അച്ചടിച്ചതെന്ന സൂചനയാണു ലഭിച്ചിട്ടുള്ളത്. പിന്നില് വന് സംഘമുണ്ടെന്ന് പോലീസ് കരുതന്നു.
ഹിഷാം ബംഗളുരു, ഹൊസൂര് എന്നിവിടങ്ങളില് ഫ്ളാറ്റുകള് വാടകയ്ക്ക് എടുത്ത് പ്രിന്റർ, സ്കാനര്, ഫോട്ടോസ്റ്റാറ്റ് മെഷീൻ, അനുബന്ധ സാമഗ്രികള് എന്നിവ ഉപയോഗിച്ച് ഒന്നര വര്ഷത്തോളം ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടുകള് നിര്മിച്ചു വിതരണം ചെയ്തിരുന്നതായി നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. നോട്ട് അടിക്കാന് ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തിയിരുന്നു. ചെന്നൈ കേന്ദ്രീകരിച്ചും കള്ളനോട്ട് അച്ചടിച്ചിട്ടുണ്ട്.
അന്തര് സംസ്ഥാന ലോബി ഇതിനുപിന്നിലുണ്ടെന്നു സംശയിക്കുന്നതിനാല് അന്വേഷണം കേരളത്തിനു പുറത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. റിമാന്ഡില് കഴിയുന്ന ഹിഷാമിനെ കസ്റ്റഡയില് വിട്ടുകിട്ടാന് കോടതിയില് ഇന്ന് അപേക്ഷ സമര്പ്പിക്കും. ഇയാളെ കസ്റ്റഡിയില് എടുത്ത് ചോദ്യം ചെയ്താല് കൂടുതല് വിവരങ്ങള് കിട്ടുമെന്നാണ് കരുതുന്നത്. ഇയാള് നിലവില് വിതരണക്കാരനാണെന്ന സൂചനയാണ് പോലീസ് നല്കുന്നത്.
കഴിഞ്ഞ ജൂണില് നരിക്കുനിയിലെ മണി എക്സ്ചേഞ്ച് സ്ഥാപനത്തില് മൂന്നു ലക്ഷത്തിന്റെ കള്ളനോട്ടുകള് വിതരണം ചെയ്ത കേസിലെ പ്രതിയാണ് ഹിഷാം. ഒരു സ്ത്രീ ഉള്പ്പെട്ട സംഘത്തിനെതിരേ കൊടുവള്ളി പോലീസ് കേസ് എടുക്കുകയും മുഖ്യപ്രതിയായ ഹിഷാം ഉള്പ്പെ ടെ ഒന്പതോളം പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഈ കേസില് രണ്ടുപേരെകൂടി പിടികിട്ടാനുണ്ട്.
80 ദിവസം ഇയാള് ജയിലില് റിമാൻഡില് കഴിഞ്ഞിരുന്നു. സ്കൂള് അധ്യാപകനായ ഹിഷാം നിലവില് പെരുമാറ്റദൂഷ്യത്തിന് സസ്പെന്ഷനിലാണ്. നോട്ട് പ്രിന്റ് ചെയ്ത ഉപകരണങ്ങള് പോലീസ് കസ്റ്റഡിയില് എടുത്ത സാഹചര്യത്തില് പുതിയ മെഷിനറി ഉപയോഗിച്ച് പ്രിന്റ് ചെയ്തതാണോ, അതോ അന്ന് അടിച്ചു വച്ച കള്ളനോട്ടാണോ ഇതെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.