കോഴിക്കോട്: വ്യാജ നമ്പർ പ്ലേറ്റുകൾക്കെതിരേ ജാഗ്രതാ നിർദേശവുമായി മോട്ടോർ വാഹന വകുപ്പ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ്എംവിഡി മുന്നറിയിപ്പ്.
കൊല്ലത്തുനിന്നു കുട്ടിയെ തട്ടിക്കൊണ്ടു പോയ വാഹനം നിലമ്പൂർ പരിധിയിൽ ഉണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം നടത്തിയിരുന്നു.
ലോക്കൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളിൽ നിന്നു കുറ്റം കൃത്യം ചെയ്യാൻ വേണ്ടി ഉപയോഗിച്ചതായി സംശയിക്കുന്ന നമ്പറിൽ ഉള്ള ഒരു വാഹനം മലപ്പുറത്ത് നിലമ്പൂരിലുണ്ടെന്നു കണ്ടെത്തി.
എന്നാൽ ആ കാറല്ല കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ചതെന്നും കാറിന്റെ നമ്പർ ഉപയോഗിച്ച് മറ്റൊരു കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും എംവിഡി ഫേസ്ബുക്കിൽ കുറിച്ചു.
ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരേ ജാഗ്രത പാലിക്കണമെന്നും വാഹനപരിശോധന ഉൾപ്പെടെയുള്ള അവസരങ്ങളിൽ ഉദ്യോഗസ്ഥരോടു സഹകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
രാജ്യത്ത് 2019 ഏപ്രിൽ ഒന്നിന് ശേഷം രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങൾക്കും അതി സുരക്ഷാ നമ്പർ പ്ലേറ്റുകൾ (HSRP)ആണ് ഉള്ളത്. ദയവായി അത് ഇളക്കി മാറ്റുകയോ, പകരം ഫാൻസി നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കുകയോ ചെയ്യരുത്.
വാഹനത്തിന്റെ നിറം അനധികൃതമായി മാറ്റുന്നത് കുറ്റകരം ആണ്. നിരീക്ഷണ കാമറകൾ വഴി, നിങ്ങളുടെ കൈവശം ഇല്ലാത്ത , നിങ്ങൾക്ക് അറിയാത്ത ഒരു വാഹനത്തിന്റെ പിഴ നോട്ടീസ് നിങ്ങൾക്കു ലഭിച്ചാൽ ഉടൻ തന്നെ അടുത്തുള്ള എംവിഡി അല്ലങ്കിൽ പോലീസ് അധികാരികളുമായി ബന്ധപ്പെടുക. കാരണം നിങ്ങളുടെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചു മറ്റൊരു വാഹനം ഓടുന്നുണ്ട് എന്നാണ് അത് അര്‍ഥമാക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.