ബെയ്ജിംഗ്: കാമുകനിൽ നിന്ന് യഥാർഥ പ്രായം മറച്ചുവയ്ക്കാൻ വ്യാജ പാസ്പോർട്ട് ഉപയോഗിച്ച യുവതി പിടിയിൽ. ചൈനയിലെ ബെയ്ജിംഗ് വിമാനത്താവളത്തിലാണ് സംഭവം.17 വയസിന് ഇളയ കാമുകനോട് യഥാർഥ പ്രായം വെളിപ്പെടുത്താതിരിക്കാനാണ് യുവതി ഇങ്ങനെ ചെയ്തത്.
1982 ലാണ് യുവതി ജനിച്ചത്. ഐഡന്റിറ്റി വെളിപ്പെടുത്താത്ത യുവതി തന്റെ പാസ്പോർട്ട് എയർപോർട്ടിലെ ഇമിഗ്രേഷൻ ഓഫീസർമാർക്ക് പരിശോധനയ്ക്കായി നൽകി.
സംശയം തോന്നിയ ഉദ്യോഗസ്ഥർ മറ്റ് രേഖകൾ ഹാജരാക്കാൻ യുവതിയോട് ആവശ്യപ്പെട്ടു. യുവതി ഉദ്യോഗസ്ഥനിൽ നിന്ന് പാസ്പോർട്ട് തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെക്ക്പോസ്റ്റിലൂടെ മുന്നോട്ട് പോകാൻ കാമുകനെ പ്രേരിപ്പിക്കുകയും ചെയ്തു.
എന്നാൽ അവസാനം തനിക്ക് രണ്ട് ചൈനീസ് പാസ്പോർട്ട് ഉണ്ടെന്ന് യുവതി വെളിപ്പെടുത്തി. ഒന്നിൽ തന്റെ യഥാർഥ പ്രായം 41ഉം മറ്റൊന്നിൽ 27ഉം ആണ്. 24 കാരനായ കാമുകനിൽ നിന്ന് തന്റെ യഥാർഥ പ്രായം മറയ്ക്കാൻ ആഗ്രഹിക്കുന്നുവെന്ന് യുവതി ഉദ്യോഗസ്ഥനോട് പറഞ്ഞു. അത് അവരുടെ ബന്ധത്തെ ബാധിക്കുമെന്നും അവൾ കരുതി.
ദമ്പതികൾ ജപ്പാൻ സന്ദർശിക്കാൻ പദ്ധതിയിട്ടപ്പോഴാണ് ഇത്തരത്തിലൊരു നീക്കം. അവളുടെ ജനന വർഷം 1996 എന്ന് രേഖപ്പെടുത്തിയ ഒരു വ്യാജ പാസ്പോർട്ട് ലഭിക്കാൻ ഏകദേശം 76,000 രൂപയാണ് നൽകിയത്. ഒടുവിൽ 3,000 യുവാൻ (35,000 രൂപയിൽ കൂടുതൽ) പിഴ ചുമത്തുകയും വ്യാജ പാസ്പോർട്ട് കണ്ടുകെട്ടുകയും ചെയ്തു.