തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പിജി ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പു നടത്തിയ യുവാവ് പിടിയില്‍.
പൂന്തുറ മാണിക്യവിളാകം പുതുവല്‍പുത്തന്‍ വീട്ടില്‍ നിഖില്‍ (22) ആണ് അറസ്റ്റിലായത്. മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന് യൂണിറ്റ് 4ല്‍ ചികിത്സയില്‍ കഴിഞ്ഞ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയായ യുവാവിനെ കബളിപ്പിച്ചാണ് ഇയാള്‍ 4.8 ലക്ഷം രൂപ തട്ടിയത്.
ഒരു വര്‍ഷം മുന്‍പ് മെഡിക്കല്‍ കോളേജില്‍ വെച്ച് തന്നെയാണ് ഡോക്ടര്‍ എന്ന വ്യാജേന യുവാവിന്റെ സഹോദരന് ഒപ്പം നിഖില്‍ കൂടുന്നത്.
ഈ പരിചയം നിഖിലിനെ ഇവരുടെ കുടുംബ സുഹൃത്താക്കി മാറ്റി. മുന്‍ പരിചയം മുതലെടുത്ത് യുവാവിന് കൂട്ടിരിക്കാനെന്ന പേരില്‍ പത്തു ദിവസമാണ് ഇയാള്‍ സ്റ്റെതസ്കോപ്പ് ധരിച്ച് മെഡിക്കല്‍ കോളേജില്‍ കറങ്ങിയത്.
രക്ത സാംപിളുകള്‍ ലാബില്‍ എത്തിച്ചിരുന്നതും ഫലം വാങ്ങുന്നതും നിഖിലായിരുന്നു. തുടര്‍ന്ന് രക്ത സാമ്പിളുകളില്‍ തിരിമറി നടത്തി എയ്ഡ്സ് കണ്ടെത്തിയെന്ന് വിശ്വസിപ്പിച്ചു രഹസ്യ ചികിത്സയ്ക്കും മരുന്നിനും നാലു ലക്ഷം രൂപയും തുടര്‍പഠനത്തിനെന്ന പേരില്‍ 80,000 രൂപയും വാങ്ങി.
ഇയാള്‍ ഡോക്ടറാണെന്നു തെറ്റിദ്ധരിപ്പിച്ച് രോഗികളെ പരിശോധിച്ചു. ഇയാളുടെ രീതികളില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ ഇയാളെ ചോദ്യം ചെയ്തതോടെയാണ് വ്യാജ ഡോക്ടറാണെന്ന് മനസ്സിലായത്.
തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ശ്രീനാഥും ജീവനക്കാരും ചേര്‍ന്ന് പിടികൂടി സെക്യൂരിറ്റി ഓഫിസില്‍ എത്തിച്ചു പൊലീസിനു കൈമാറി. കോടതി നിഖിലിനെ റിമാന്‍ഡ് ചെയ്തു.