മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ അയല്‍വാസിയായ വീട്ടമ്മ വ്യാജ പീഡനപരാതിയില്‍ കുടുക്കിയതായി ആരോപണം.
ഇതേത്തുടര്‍ന്ന് ഇയാളെ 45 ദിവസം അന്യായമായി ജയിലില്‍ അടച്ചെന്ന പരാതിയുമായി യുവാവിന്റെ കുടുംബവും പ്രദേശവാസികളും രംഗത്തെത്തി.
യുവാവിന് നീതി ലഭിക്കാനായി പ്രദേശവാസികളുടെ നേതൃത്വത്തില്‍ പൗരസമിതിയും രൂപീകരിച്ചു.
സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അയല്‍വാസിയായ വീട്ടമ്മ നല്കിയ പരാതിയില്‍ ഇടുക്കി കഞ്ഞിക്കുഴി സ്വദേശി പ്രജേഷാണ് ജയിലില്‍ പോയത്.
വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ ഏപ്രില്‍ 18നാണ് യുവാവിനെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് 24ന് പീഡനം നടന്നതായാണ് പരാതിയില്‍ പറയുന്നത്. പരാതിപ്രകാരം വീട്ടിലെത്തിയ കഞ്ഞിക്കുഴി പോലീസ് യുവാവിനെ കൂട്ടിക്കൊണ്ട് പോകുകയും സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.
45 ദിവസം കഴിഞ്ഞാണ് ജാമ്യം ലഭിച്ചത്.എന്നാല്‍ പീഡനം നടന്നെന്ന് പരാതിയില്‍ ആരോപിക്കുന്ന സമയം യുവാവ് മറ്റൊരിടത്ത് മേസ്തിരി പണിയിലായിരുന്നു.
ഇതിന് സാക്ഷികളുണ്ട്. എന്നാല്‍ കഞ്ഞിക്കുഴി പോലീസ് ഇതൊന്നും പരിഗണിക്കാതെ യുവാവിനെ ജയിലിലടക്കുകയായിരുന്നെന്ന് പൗരസമിതി ആരോപിച്ചു.
നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധനയ്ക്ക് തയാറാണെന്നും യുവാവ് പറയുന്നു.
പരാതിക്കാരിയായ വീട്ടമ്മയെയും ഭര്‍ത്താവിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് പൗരസമിതി ആവശ്യപ്പെടുന്നത്.
ഭാര്യയും മക്കളും രോഗികളായ മാതാപിതാക്കളും അടങ്ങുന്നതാണ് യുവാവിന്റെ കുടുംബം. പീഡന കേസില്‍ യുവാവ് ജയിലിലായതോടെ കുടുംബം സമൂഹത്തില്‍ ഒറ്റപ്പെട്ടു. പുറത്തിറങ്ങിയ ശേഷം ജോലി പോലും ലഭിക്കാത്ത അവസ്ഥയിലാണ് യുവാവ്.
സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരായ 117 പേര് ഒപ്പിട്ട പരാതി ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ ക്രൈംബ്രാഞ്ചിനും നല്‍കിയതായും ഇവര്‍ പറഞ്ഞു.
നാട്ടുകാരുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു