കൊച്ചി: വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ വഴിയുള്ള തട്ടിപ്പില്‍ സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു മാസത്തിനിടെ നഷ്ടമായത് 63,22,251 രൂപ. 2025 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കണക്കുകളാണിത്. നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ വഴി സംസ്ഥാനത്ത് 1,207 തട്ടിപ്പു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. തട്ടിപ്പിന് ഇരയായെങ്കിലും പരാതിപ്പെടാന്‍ തയാറാകാത്തവരും ഏറെയുണ്ട്.
പ്രമുഖ ഇ- കോമേഴ്സ് സൈറ്റുകളുടെ പേര് ഉപയോഗിച്ച് ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ആയ ഇലക്ട്രോണിക്സ്, മറ്റു ഉത്പന്നങ്ങള്‍ എന്നിവ നല്കുന്നു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യങ്ങള്‍ നല്‍കിയാണ് ഇവര്‍ തട്ടിപ്പുകള്‍ നടത്തുന്നത്.
ഒറ്റ നോട്ടത്തില്‍ യഥാര്‍ഥ സൈറ്റ് പോലെ തോന്നിക്കുന്ന ഈ സൈറ്റുകളില്‍ കയറി ഓര്‍ഡര്‍ ചെയ്താല്‍ പണം നഷ്ടമാകും. ഇത്തരത്തില്‍ പണം നഷ്ടമായവരാണ് പിന്നീട് പരാതി നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
വിലക്കുറവ് കണ്ട് ഓര്‍ഡര്‍ ചെയ്യുന്നതിന് മുമ്പ് വ്യാജ സൈറ്റുകളാണോയെന്ന് അറിയാന്‍ അവയുടെ വെബ്സൈറ്റ് അഡ്രസ് സൂക്ഷ്മമായി പരിശോധിച്ചാല്‍ മതിയാകും. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിന് ഇരയായാല്‍ ഒരുമണിക്കൂറിനകം 1930 എന്ന നമ്പറില്‍ വിവരം അറിയിക്കണം. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.
- സീമ മോഹന്‍ലാല്‍