തൃശൂർ: പൂജകളിലൂടെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച വ്യാജ സിദ്ധന് 22 വർഷം കഠിന തടവും പിഴയും. പെരിങ്ങണ്ടൂർ പൂന്തുട്ടിൽ വീട്ടിൽ സന്തോഷ് സ്വാമി എന്ന സന്തോഷ് കേശവനെയാണ്(34) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
വീട്ടമ്മയുടെ മോശ സാഹചര്യവും അന്ധവിശ്വാസവും മുതലെടുത്ത് നിരന്തരമായി പീഡനം നടത്തിയ കേസിലാണ് വ്യാജ സിദ്ധനെ കോടതി ശിക്ഷിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ഭർത്താവിന്റെ മദ്യപാനം നിർത്താനായിട്ട് വീട്ടമ്മയ്ക്ക് പ്രതി ചില പൂജകൾ നിർദേശിക്കുകയായിരുന്നു. തുടർന്ന് പൂജയ്ക്ക് വേണ്ടി എന്നുപറഞ്ഞ് യുവതിയെ പ്രതിയുടെ വീടിനടുത്തുള്ള പെരിങ്ങണ്ടൂരുള്ള അമ്പലത്തിലേക്ക് വിളിച്ച് വരുത്തി. അവിടെ നിന്ന് വീട്ടിലേക്ക് യുവതിയെ ഇയാൾ ക്ഷണിച്ചു.
പിന്നാലെ വീട്ടിലെത്തിയ യുവതിയെ സന്തോഷ് സ്വാമി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് ശേഷം യുവതിയുടെ വീട്ടിലെത്തിയ പ്രതി പീഡനവിവരം പുറത്തുപറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു.
ഇതു കൂടാതെ വീട്ടമ്മയുടെ ദുരവസ്ഥയെ മുതലെടുത്ത് പിന്നീട് തൃശൂർ മെഡിക്കൽ കോളേജിനടുത്തുള്ള ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയും പീഡിപ്പിച്ചു. കേസിൽ 18 സാക്ഷികളെ വിസ്തരിച്ചതിന് ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. ഇയാൾക്കെതിരേ മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസും നിലവിലുണ്ട്.