സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിക്കാനുള്ള തീരുമാനത്തിനെതിരേ ബുദ്ധിജീവികളും ചില സിനിമ പ്രവര്‍ത്തകരും നടത്തിയ നീക്കം പാളുന്നു. ലാലിനെതിരേ എതിര്‍പ്പുയര്‍ത്തിയവരെ പിന്തുണച്ച് കത്തില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് പ്രകാശ് രാജ് വ്യക്തമാക്കിയതിന് പിന്നാലെ ലിസ്റ്റില്‍ പേരുള്ളവരും രംഗത്ത്.
തങ്ങള്‍ പോലും അറിയാതെ പേരുകള്‍ എഴുതി ചേര്‍ത്ത് ഒപ്പിടുകയായിരുന്നുവെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ലാല്‍ വരുന്നതിനോട് തനിക്ക് യോജിപ്പാണെന്ന് പ്രകാശ് രാജും വ്യക്തമാക്കി. അതേസമയം സംവിധായകന് കമല്‍ ലാല്‍ വരുന്നതിന് എതിരാണ്.
അതേസമയം പ്രതികരണവുമായി മോഹന്‍ലാലും രംഗത്തെത്തി. എന്നെ ക്ഷണിച്ചാല്‍തന്നെ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. ക്ഷണിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എല്ലാക്കാലത്തും സര്‍ക്കാരുകളോട് രാഷ്ട്രീയം നോക്കാതെ ബഹുമാനത്തോടെയാണ് ഞാന്‍ പെരുമാറിയിട്ടുള്ളത്. അവാര്‍ഡ് കിട്ടിയതും കിട്ടാത്തതുമായ ചടങ്ങുകള്‍ക്ക് മുന്‍പും ഞാന്‍ പോയിട്ടുണ്ട്.
ഇപ്പോള്‍ ക്ഷണംപോലും കിട്ടാത്ത കാര്യത്തെക്കുറിച്ച് എങ്ങനെയാണ് പ്രതികരിക്കുക. ഞാനിപ്പോള്‍ സമാധാനത്തോടെ വണ്ടിപ്പെരിയാറ്റില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. അതുതന്നെയാണ് എന്റെ ജോലിയും- ലാല്‍ പറഞ്ഞു. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു യുവസംവിധായകനാണ് മോഹന്‍ലാലിനെതിരായ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നാണ് ലാലിനോട് അടുപ്പമുള്ളവര്‍ പറയുന്നത്.