കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വ്യാജ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ നിര്‍മിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് മൂന്ന് മേല്‍വിലാസങ്ങള്‍ പരിശോധിക്കുന്നു.
കേസുമായി ബന്ധപ്പെട്ട് രാജസ്ഥാന് ടോങ്ക് സ്വദേശി മന്‍രാജ് മീണ എന്ന യുവാവിനെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിരുന്നു. തുടരന്വേഷണത്തില്‍ ലഭിച്ച മൂന്ന് വിലാസങ്ങള്‍ ഇയാളുടേതു തന്നെയാണോയെന്ന് പോലീസ് പരിശോധിച്ചുവരുകയാണെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് ജോയി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പേരും ചിത്രവും ഉപയോഗിച്ച് ടെലിഗ്രാമില്‍ അക്കൗണ്ട് നിര്‍മിച്ച ശേഷം അതില്‍ പ്രതിയുടെ നമ്പര്‍ ഉപയോഗിച്ച് വാട്സ്ആപ്പ് ലിങ്ക് നിര്‍മിച്ച് പ്രചരിപ്പിക്കുകയായിരുന്നു. ഡിസംബര്‍ 11ന് സൈബര്‍ ഡോം നടത്തിയ സൈബര്‍ പട്രോളിങ്ങിനിടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. മന്‍രാജിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് ലിങ്ക് നിര്‍മിച്ചത്.
ഈ ലിങ്ക് വാട്സ്ആപ്പിലൂടെ നിരവധി പേരിലേക്ക് എത്തിയിട്ടുണ്ട്. ഐടി വകുപ്പ് 66 സി പ്രകാരം കഴിഞ്ഞ മൂന്നിനാണ് മന്രാജിനെതിരേ കേസെടുത്തത്.
ആവശ്യമെങ്കില്‍ അന്വേഷണം രാജസ്ഥാനിലേക്കും വ്യാപിപ്പിക്കും. 2022 ഓഗസ്റ്റിലും മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് നിര്മിച്ചയാള്ക്കെതിരേ കൊച്ചി സൈബര്‍ പോലീസ് കേസെടുത്തിരുന്നു.