പാലക്കാട്: വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ കെ. വിദ്യയെ ഇന്ന് മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും.
ഇന്നലെ രാത്രി ഏഴോടെയാണ് കോഴിക്കോട് മേപ്പയൂരിനു സമീപം കുട്ടോത്തുനിന്നു വിദ്യയെ അഗളി പോലീസ് അറസ്റ്റ് ചെയ്തത്. രാത്രി പന്ത്രണ്ടരയോടെ അഗളി പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി. കേസെടുത്ത് പതിനഞ്ചു ദിവസത്തിനുശേഷമാണ് വിദ്യയെ അറസ്റ്റ് ചെയ്തത്.
കേസെടുക്കുമ്പോള്‍ കാലടിയിലായിരുന്ന വിദ്യ പിന്നീട് കോഴിക്കോട്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. സുഹൃത്തിന്റെ മൊബൈല്‍ഫോണ്‍ ട്രാക്ക് ചെയ്താണ് വിദ്യ എവിടെയെന്നു മനസിലാക്കിയത്.
കേസെടുത്തതിനു പിന്നാലെ വിദ്യയുടെ രണ്ടു ഫോണുകളും സ്വിച്ച് ഓഫ് ചെയ്തിരുന്നു. മേപ്പയൂരിലെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിദ്യ കീഴടങ്ങാനായി വരവേയാണ് അറസ്റ്റിലായതെന്നാണു സൂചന.
എന്നാൽ ഇക്കാര്യത്തിൽ പോലീസ് വ്യക്തത വരുത്തുന്നില്ല. എസ്ഐ പി.ഡി. ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട്: വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ വിദ്യയെ പോലീസ് പൊക്കിയത് മേപ്പയൂരിലെ സിപിഎം നേതാവിന്റെ വീട്ടിലെ ഒളിവുജീവിതത്തിനുശേഷമെന്നു സൂചന.
നേതാവിന്റെ വീട്ടില്‍നിന്നു വിദ്യയെ കസ്റ്റഡിയില്‍ എടുക്കുന്നതിന് പകരം കീഴടങ്ങാന്‍ വരുമ്പോള്‍ അറസ്റ്റ് എന്ന രീതിയിൽ പോലീസ് കാര്യങ്ങള്‍ നീക്കുകയായിരുന്നു.
ഒരാഴ്ചയായി വിദ്യ മേപ്പയൂരില്‍ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. മേപ്പയൂരില്‍ വിദ്യ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് അഗളി പോലീസ് കഴിഞ്ഞ മൂന്നുദിവസവും വടകര, മേപ്പയൂര്‍ ഭാഗങ്ങളില്‍ തമ്പടിച്ചിരുന്നു.
എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദം മൂലം അറസ്റ്റ് നീണ്ടുപോകുകയായിരുന്നു. രാഷ്ട്രീയ സംരക്ഷണം ഇനി വേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചതോടെയാണ് വിദ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് റിപ്പോർട്ട്.
വിദ്യയെ കണ്ടെത്തുന്നതിനുള്ള പോലീസിന്റെ മെല്ലെപ്പോക്കിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഹൈക്കോടതി വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചയിലേക്കു മാറ്റിയതിനു പിന്നാലെയാണ് അറസ്റ്റ്.
വിവാദക്കേസിലെ പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ പുറംലോകമറിയാതിരിക്കാനുള്ള തത്രപ്പാടിലായിരുന്നു അറസ്റ്റ് ചെയ്ത പോലീസ്. തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്ന നിലപാടാണ് വിദ്യ കസ്റ്റഡിയില്‍ ആയതുമുതല്‍ മേപ്പയൂര്‍ പോലീസ് സ്വീകരിച്ചത്.
അഗളി പുതൂര്‍ എസ്ഐ ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മേപ്പയ്യൂരിലെത്തി വിദ്യയെ പിടികൂടിയത്. സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിന്ദുശിവ, പ്രിന്‍സ് എന്നിവരുംസംഘത്തിലുണ്ടായിരുന്നു.
തന്നെ കുടുക്കിയതെന്നു വിദ്യ
പാലക്കാട്: കേസില്‍ തന്നെ കുടുക്കുകയായിരുന്നുവെന്ന് വ്യാജരേഖ കേസില്‍ അറസ്റ്റിലായ വിദ്യ. രാഷ്ട്രീയ വൈരാഗ്യമാണ് കേസിനു പിന്നിൽ.
താന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് എവിടെയും ഹാജരാക്കിയിട്ടില്ല. പഠനത്തില്‍ മിടുക്കിയായ തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല.
ഓരോ കോളജിലും നിയമനം കിട്ടിയത് തന്റെ മികവുമൂലമാണ്. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയാണ് തന്നെ കുടുക്കിയതിന് പിന്നിൽ.
അട്ടപ്പാടി കോളജ് പ്രിന്‍സിപ്പലിനും ഇതില്‍ പങ്കുണ്ടെന്നും വിദ്യ പറഞ്ഞു. കടുത്ത മാനസിക സമ്മര്‍ദത്തിലാണ് താനും കുടുംബവുമെന്നും വിദ്യ മൊഴിനൽകി.