കോട്ടയം: സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ നിർമിച്ചു പണം തട്ടുന്ന സംഭവം ജില്ലയിൽ തുടർ പരന്പരയാകുന്നു.
പാന്പാടി കൂരോപ്പട സ്വദേശിയായ ഒരു വൈദികന്റെ പേരിലും കഴിഞ്ഞ ദിവസം കുറവിലങ്ങാട് എസ് ഐയുടെ പേരിലുമാണ് വ്യാജ അക്കൗണ്ടുകളിലൂടെ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള തട്ടിപ്പ് നടന്നത്.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെയാണ് തട്ടിപ്പ് നടക്കുന്നത്. ഇതിനു പിന്നിൽ കേരളത്തിന് അകത്തുള്ളവരും ഉത്തരേന്ത്യൻ സംഘമാണെന്നും സംശയിക്കുന്നു.
വൈദികന്റെ പേരിൽ ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ട് നിർമിച്ചാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സഹായം അഭ്യർഥിച്ച് പണം തട്ടാനുള്ള ശ്രമമാണ് നടന്നത്.
കോവിഡ് ബാധിതരായി മരണം നടന്ന വീട്ടുകാരെ സഹായിക്കാനായി പണം ആവശ്യമുണ്ടെന്ന് അഭ്യർഥിച്ചാണ് വൈദികന്റെ പേരിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
സംശയം തോന്നിയവർ വൈദികനെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്നു മനസിലായത്. തുടർന്ന് വൈദികൻ പാന്പാടി പോലീസിൽ പരാതി നൽകുകയായിരുന്നു.
കുറവിലങ്ങാട് എസ്ഐയുടെ പേരിൽ ഫേസ്ബുക്കിലാണ് വ്യാജ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. ഈ അക്കൗണ്ടിൽ നിന്നും പണം ആവശ്യപ്പെട്ട് ജില്ലയിൽ നിരവധിയാളുകൾക്ക് സന്ദേശം എത്തിയിരുന്നു.
പ്രൊഫൈലിന്റെ വിശ്വാസ്യത വർധിപ്പിക്കുന്നതിനായി കുറവിലങ്ങാട് പോലീസ് സ്റ്റേഷന്റെ ചിത്രത്തോടുകൂടിയാണ് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് തട്ടിപ്പു നടത്തിയത്.
റിക്വസ്റ്റ് സ്വീകരിക്കുന്നവർക്ക് മെസഞ്ചറിൽ നിന്നും സഹായം അഭ്യർഥിച്ച് മെസേജ് എത്തും. പെട്ടെന്ന് അത്യാവശ്യം വന്നെന്നും അല്പം പണം ആവശ്യമുണ്ടെന്നതുമായിരുന്നു സന്ദേശം.
നാളെ രാവിലെ തിരികെ നൽകാമെന്നും പണം അയക്കുന്നതിനുള്ള ഗൂഗിൾ പേ നന്പറും നൽകും. സംശയം തോന്നിയവർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്നു മനസിലായത്.
ഇതിനോടകം പലർക്കും പണം നഷ്ടമായെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.