കൊച്ചി: വിവിധ കോഴ്സുകളുടെ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി തരാമെന്ന് വിശ്വസിപ്പിച്ച് നിരവധിപേരില്‍നിന്ന് പണം തട്ടിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതിയുടെ ഭാര്യയ്ക്കായി അന്വേഷണം ഊര്‍ജിതം. കേസുമായി ബന്ധപ്പെട്ട് ആലുവ എടത്തല സ്വദേശി റിയാസി(39)നെയാണ് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ സി. ശരത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സംഭവത്തില്‍ രണ്ടാം പ്രതിയായ ഇയാളുടെ ഭാര്യ ഒളിവില്‍ പോകുകയായിരുന്നു.
ബിഎ, ബികോം, ബിബിഎ, എംസിഎ, എംബിഎ, ബിടെക് തുടങ്ങിയ കോഴ്സുകള്‍ പഠനത്തിടെ പാതിവഴിയില്‍ മുടങ്ങിയവര്‍ക്കും പുതുതായി കോഴ്സ് ചെയ്യാന്‍ അഗ്രഹിക്കുന്നവര്‍ക്കും ഒറ്റ തവണ പരീക്ഷ എഴുതി കോഴ്സ് പുര്ത്തീകരിച്ചുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങിച്ചു തരാം എന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.
2,500 മുതല്‍ 50,000 രൂപവരെയാണ് പലരില്‍ നിന്നായി ഇയാള്‍ വാങ്ങിയത്. ഉദ്യോഗാര്ഥികളില്നിന്നും പണം വാങ്ങിയശേഷം വ്യാജസര്‍ട്ടിഫിക്കറ്റ് നല്കി കബളിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കടവന്ത്ര കെ.പി. വള്ളോന്‍ റോഡിലുള്ള ഷോപ്പിംഗ് കോംപ്ലക്സിലെ 175-ാം നമ്പര്‍ മുറിയില്‍ റിസ് റോയല്‍ അക്കാദമി എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഈ സ്ഥാപനം പൂട്ടിയതിനു ശേഷം എഡ്വിന് എഡ്യുക്കേഷന്‍ ഇന്സ്റ്റിറ്റിയൂഷന് എന്ന സ്ഥാപനം തുടങ്ങി സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഭാര്യക്കെതിരേ തമിഴ്നാട് പോലീസിലും കേസ്
അണ്ണാമലൈ യൂണിവേഴ്സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നു വിശ്വസിപ്പിച്ച് പണം തട്ടിയ സംഭവത്തില്‍ തമിഴ്നാട് പോലീസ് എടുത്ത കേസില്‍ റിയാസിന്റെ ഭാര്യ ശിക്ഷ കഴിഞ്ഞു അടുത്തിടെയാണ് പുറത്തിറങ്ങിയത്. അതിനുശേഷമാണ് സംഘം വീണ്ടും തട്ടിപ്പ് നടത്തിയത്. എറണാകുളം സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലായ രണ്ടര ലക്ഷത്തിലധികം രൂപയാണ് സംഘം തട്ടിയെടുത്തിരിക്കുന്നത്.