കായംകുളം: കറ്റാനം കേന്ദ്രീകരിച്ച് അലോപ്പതി ഡോക്ടർ എന്ന വ്യാജേന രോഗികളെ ചികിത്സിച്ചു വരുന്നതിനിടെ പിടിയിലായ വ്യാജ ഡോക്ടർ റിമാൻഡിൽ.
ഇന്നലെ രാത്രി കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വസതി മുന്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. കറ്റാനം നെല്ലിമൂട് ജംഗ്ഷന് സമീപം തയ്യിൽവീട്ടിൽ വാടകയ്ക്ക് താമസിച്ചു വന്ന തൃശൂർ ചാവക്കാട് സ്വദേശി രാജ്കുമാറിനെ (60)യാണ് റിമാൻഡ് ചെയ്തത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറെ ദിവസമായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. അക്യുപങ്ഞ്ചർ ചികിത്സ പരിശീലിച്ചതിന്റെ മറവിലാണ് ഇയാൾ അലോപ്പതി ചികിത്സ നടത്തിവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഇയാളുടെ കൈവശമുണ്ടായിരുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നും പോലീസ് പറഞ്ഞു. എംബിബിഎസ്, എംഡി ബിരുദങ്ങളാണ് ബോർഡിൽ പതിച്ചിരുന്നത്. ഇതോടൊപ്പമുള്ള രജിസ്റ്റർ നന്പർ തിരുവനന്തപുരം സ്വദേശിയായ വനിതാ ഡോക്ടറുടേതാണെന്നും പോലീസ് കണ്ടെത്തി.
നാല് വർഷം മുന്പാണ് ഇയാൾ കറ്റാനം ജംഗ്ഷന് സമീപം ടിഎൻ ക്ലിനിക്ക് എന്ന പേരിൽ സ്ഥാപനം തുറന്നത്. അഞ്ച് മാസം മുന്പ് വരെ വീട്ടിലായിരുന്നു പരിശോധന.
വള്ളികുന്നം സിഐ കെ.എസ്. ഗോപകുമാർ, എസ്ഐ മാരായ കെ. സുനുമോൻ, അൻവർ സാദത്ത്, സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ ഫിറോസ് അഹമ്മദ്, എസ്എസ്ബി എഎസ്ഐ സജാദ്, സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ്, സജൻ, പ്രിയലാൽ, രമ്യ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ഉച്ച കഴിഞ്ഞ് ഇയാളെ പിടികൂടിയത്.