കൊച്ചി: മകനെ വ്യാജ ലഹരി കേസില്‍ കുടുക്കിയെന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചേരാനെല്ലൂര്‍ പോലീസ് സ്റ്റേഷനിലെ എഎസ്ഐക്കെതിരേയാണ് സിപിഎം കളമശേരി പള്ളിതാഴം ബ്രാഞ്ച് സെക്രട്ടറി നാസറാണ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. സംഭവ ദിവസത്തെ പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഫെബ്രുവരി 10ന് രാത്രിയാണ് നാസറിന്റെ മകന് ഓടിച്ച ബൈക്ക് അപകടത്തില്‍ പെട്ടത്. അടുത്ത ദിവസം വണ്ടിയുടെ ആര്‍സി ഓണറായ നാസറിനോട് മകനെയും കൂട്ടി സ്റ്റേഷനില്‍ വരാന്‍ ആവശ്യപ്പെട്ടു. വണ്ടി അപകടത്തില്‍പെട്ട കേസിന് വിളിച്ച് വരുത്തിയ നാസറിനെ കാണിച്ചത് മകനെതിരേ എന്‍ഡിപിഎസ് കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ എഫ്ഐആര്‍ ആയിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. സ്റ്റേഷന് ജാമ്യം ലഭിച്ചെങ്കിലും തന്നോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ മകനെതിരേ എഎസ്ഐ വ്യാജ എഫ്ഐആര്‍ ഇട്ടെന്നാണ് നാസറിന്റെ പരാതി.
നാല ഗ്രാം കഞ്ചാവ് നാസറിന്റെ മകന് അല്‍ അമീന്റെ പക്കല്‍നിന്നും ലഭിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്. അതേസമയം ഒമ്പതിന് വൈകിട്ട് ചെറിയ കാടുപിടിച്ച സ്ഥലത്തേക്കു കുറച്ചു പേര് സംശയാസ്പദമായ രീതിയില്‍ കയറിപ്പോകുന്നുവെന്ന ഫോണ്‍ കോള്‍ സന്ദേശം കിട്ടിയതിനെ തുടര്‍ന്നാണ് പ്രദേശത്ത് എത്തിയതെന്നാണ് ചേരാനല്ലൂര്‍ പോലീസ് പറയുന്നത്.
ഇവിടെയെത്തിയപ്പോള്‍ ആറു പേര് സംഘത്തിലുണ്ടായിരുന്നുവെന്നും പോലീസിനെ കണ്ട് എല്ലാവരും ഓടി രക്ഷപ്പെടുകയും ചെയ്തു. പിടിയിലായ ഒരാളില്‍നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന് ഒരാള്‍ ഒഴികെ സംഘത്തിലുള്ളവര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ആയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സമീപത്തുനിന്ന് കഞ്ചാവും പകുതി മദ്യം നിറച്ച കുപ്പിയും കണ്ടെത്തിയെന്നും പറയുന്നു. പിടിയിലായ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അല്‍ അമീനെതിരേ കേസ് എടുത്തതെന്നാണ് പോലീസ് പറയുന്നത്.