കോട്ടയം: സംസ്ഥാനത്തു മുക്കുപണ്ട മാഫിയ വ്യാപകമെന്ന് ഓള് കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന്. പ്രഫഷണല്‍ സംഘമാണു മാഫിയയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മുക്കുപണ്ടവുമായെത്തി പ്രൈവറ്റ് ബാങ്ക് ജീവനക്കാരെ കബളിപ്പിച്ചു പണവുമായി കടന്നുകളയുന്നവര്ക്കെതിരേ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്യണമെന്നു സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് സ്വകാര്യ ബാങ്കുകള്‍ നേരിടുന്നത്. ഇവരുടെ ഉറവിടം കണ്ടെത്തി നിയമത്തിന്റെ മുന്പിലെത്തിച്ചു ശിക്ഷിക്കാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഭാരതീയ ന്യായ സംഹിത പരിഷ്കരിക്കാന്‍ നടപടികള്‍ എടുക്കണമെന്ന് പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
അസോസിയേഷന്റെ 66ാമത് സംസ്ഥാന സമ്മേളനം കോടിമത സുമംഗലി ഓഡിറ്റോറിയത്തില്‍ 10ന് നടക്കും. രാവിലെ 11ന് മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. സംസ്ഥാനപ്രസിഡന്റ് പി.എ. ജോസ് അധ്യക്ഷത വഹിക്കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ഫ്രാന്‍സിസ് ജോര്‍ജ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കൗണ്‍സിലര്‍ വിനു ആര്. മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.