കൊച്ചി: വീട്ടിലിരുന്ന് ചെറിയ ഓണ്‍ലൈന്‍ ജോലി ചെയ്ത് വലിയ ശമ്പളം നേടാമെന്ന വ്യാജ ജോലി വാഗ്ദാനങ്ങളില്‍ പെട്ടുപോകല്ലേയെന്ന് പോലീസ് മുന്നറിയിപ്പ്. ഇത്തരം മോഹനവാഗ്ദാനങ്ങളില്‍ അകപ്പെട്ട് പണം നഷ്ടമാകുന്നവരുടെ എണ്ണം സംസ്ഥാനത്ത് അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
മൊബൈല്‍ഫോണിലേക്ക് സന്ദേശം എത്തും
വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്നു പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങള്‍ തട്ടിപ്പു സംഘങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് നടത്തുന്നത്. മൊബൈല്‍ ഫോണിലേക്ക് സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തില്‍ ചെറിയ ടാസ്ക് നല്‍കും. അത് പൂര്‍ത്തീകരിച്ചാല്‍ പണം നല്‍കും എന്ന് അറിയിക്കും.
ടാസ്ക് പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ തുടര്‍ന്ന് പങ്കെടുക്കാന്‍ കൂടുതല്‍ പണം
ആവശ്യപ്പെടും. തട്ടിപ്പാണെന്ന് മനസിലാക്കാതെ വലിയ ശമ്പളം പ്രതീക്ഷിച്ച് തൊഴില്‍ ദാതാവ് അവര്‍ പറയുന്ന പണം നല്‍കും. എന്നാല്‍ ടാസ്ക് പൂര്‍ത്തീകരിച്ചാലും പണം തിരികെ നല്കാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ചുരുങ്ങിയ സമയത്തിനുള്ളില്‍തന്നെ വലിയൊരു തുക തട്ടിപ്പുകാര്‍ കൈക്കലാക്കിയിരിക്കും.
1930 ല്‍ പരാതിപ്പെടാം
ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ 1930 എന്ന നമ്പറില്‍ വിവരം അറിയിക്കണം. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www. cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.
സ്വന്തം ലേഖിക