ദരിദ്രനായ കാമുകനെ ഉപേക്ഷിക്കുവാൻ വ്യാജ വാർത്ത മെനഞ്ഞ യുവതി അറസ്റ്റിൽ. ചൈനയിലെ ഹുബേയ് പ്രവശ്യയിലെ വുഹാനിൽ താമസിക്കുന്ന 37 വയസുകാരിയായ യുവതിയാണ് പണമില്ലാത്തതിന്റെ പേരിൽ കാമുകനെ ഉപേക്ഷിക്കാൻ അൽപ്പം കടന്ന കൈ തെരഞ്ഞെടുത്തത്.
ഭർത്താവുമായി പിരിഞ്ഞ് താമസിക്കുന്ന ഇവർ അടുത്തിടെയാണ് ഒരു യുവാവുമായി അടുത്തത്. ഇരുവരും തമ്മിലുള്ള പ്രണയ ബന്ധം ദൃഢമായി മുന്നോട്ടു പോകുന്നതിനിടെ ചൈനയിലെ പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് യുവതി കാമുകന്റെ വീട്ടിലെത്തി.
ഇവിടെ എത്തിയപ്പോഴാണ് തന്റെ കാമുകൻ സമ്പന്നൻ അല്ലെന്ന് യുവതി മനസിലാക്കിയത്. പണമില്ലാത്ത ഒരാളെ തനിക്കു വേണ്ടെന്ന് തീരുമാനിച്ച ഇവർ പ്രണയ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു.
വെറുതെ എന്തെങ്കിലും കാരണം പറഞ്ഞ് ബന്ധം അവസാനിപ്പിച്ചാൽ പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ടെന്നു കരുതിയ ഇവർ അതിനു തക്കതായ എന്തെങ്കിലും സംഭവമുണ്ടാക്കണമെന്ന് തീരുമാനിച്ചു.
ഒരു ദിവസം കാമുകനെ സന്ദർശിച്ചു മടങ്ങിയ യുവതി ഹുവാൻഗ്പിയിലെ ജിയാഹായ് ഇൻഡസ്ട്രിയൽ പാർക്കിൽ നിന്നും മുങ്ങി. നിമിഷങ്ങൾക്കു ശേഷം കാമുകനെ ഫോണിൽ വിളിച്ച ഇവർ തന്നെ മുൻ ഭർത്താവ് തട്ടിക്കൊണ്ടു പോയെന്നും എത്രയും വേഗം രക്ഷിച്ചില്ലെങ്കിൽ ജീവൻ അപടത്തിലാകുമെന്നും അറിയിച്ചു.
സംഭവം യാഥാർഥ്യമെന്ന് വരുത്തിത്തീർക്കാൻ ഭർത്താവെന്ന വ്യാജേന യുവതി കാമുകന് ഫോണിൽ സന്ദേശം അയക്കുകയും ചെയ്തു. പോലീസിൽ അറിയിച്ചാൽ യുവതിയെ കാലപ്പെടുത്തുമെന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. കുറച്ചു നേരത്തിനു ശേഷം യുവതിയെ കൊലപ്പെടുത്തിയെന്നും മൃതദേഹം തടാകത്തിൽ തള്ളിയെന്നും കാമുകന്റെ ഫോണിൽ സന്ദേശം ലഭിച്ചു.
സംഭവമറിഞ്ഞ് ഞെട്ടിത്തരിച്ച യുവാവ് ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിന്റെ മൂന്നാം ദിവസം ടെൻഗ്ലോംഗ് ജില്ലയിലെ ഒരു ചെറിയ ഹോട്ടലിൽ നിന്നും മരിച്ച യുവതിയെ ജീവനോടെ പോലീസ് കണ്ടെത്തി.
കട്ടിലിൽ കിടന്നു ടിവി കാണുകയായിരുന്ന ഇവരെ കണ്ട പോലീസ് ഞെട്ടി. തുടർന്ന് കസ്റ്റഡിയിലെടുത്ത് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിക്കൊണ്ടു പോകൽ നാടകം തന്റെ സൃഷ്ടിയായിരുന്നുവെന്ന് പുറത്തായത്്. അതിനുള്ള കാരണമായി പറഞ്ഞതാകട്ടെ… കാമുകന് പണമില്ലെന്നുള്ളതും.
മരിച്ചെന്ന് അറിഞ്ഞാൽ കാമുകൻ തന്നെക്കുറിച്ച് ചിന്തിക്കില്ലെന്നും പതിയെ തന്നെ മറക്കുമെന്നുമാണ് കരുതിയതെന്നും പിന്നീട് തനിക്ക് സുഖമായി ജീവിക്കാമെന്ന്് കരുതിയതായും ഇവർ പോലീസിനോട് വ്യക്തമാക്കി. ആളുകളെ കബളിപ്പിക്കുന്ന വിധത്തിൽ വ്യാജ വാർത്ത സൃഷ്ടിച്ചതിന് 10 ദിവസത്തെ തടവ് ശിക്ഷയാണ് ഈ യുവതിക്ക് ലഭിച്ചത്.