കൊച്ചി: കണ്‍സ്യൂമർഫെഡ് ഓണ്‍ലൈൻ മദ്യവ്യാപാരം തുടങ്ങിയെന്ന വ്യാജ വാർത്തയ്ക്കെതിരെ പോലീസ് കേസെടുത്തു. കണ്‍സ്യൂമർഫെഡിന്റെ ഗാന്ധിനഗറിലെ വിദേശമദ്യ ഷോപ്പിന്റെ ചിത്രം ഉൾപ്പെടുത്തി എല്ലാ ബ്രാൻഡ് മദ്യവും ഹോം ഡെലിവറിയായി നൽകുന്നുവെന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.
ഇതിനെതിരേ കണ്‍സ്യൂമർഫെഡ് മാനേജിംഗ് ഡയറക്ടർ നൽകിയ പരാതിയിൽ കടവന്ത്ര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
24 മണിക്കൂറും ഓണ്‍ലൈൻ പേയ്മെന്റ് നടത്താമെന്ന് സൂചിപ്പിച്ച് ഫോണ്‍ നന്പറും നൽകിയായിരുന്നു വാർത്ത നൽകിയത്. വാർത്തയുമായി കണ്‍സ്യൂമർഫെഡിന് ബന്ധമില്ലെന്നും ഇത്തരത്തിൽ വിദേശമദ്യം ഹോം ഡെലിവറി നടത്തുന്ന സംവിധാനം ആരംഭിച്ചിട്ടില്ലെന്നും എംഡി വി.എം. മുഹമ്മദ് റഫീഖ് വ്യക്തമാക്കി.
ഗൂഢാലോചനയുടെ ഭാഗമായി പണാപഹരണം നടത്താൻ ലക്ഷ്യമിട്ടാണ് ഇത്തരം വ്യാജ പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ പ്രചാരണത്തിൽ വഞ്ചിതരാകാതിരിക്കാനും പണം നഷ്ടപ്പെടാതിരിക്കാനും ഉപഭോക്താക്കൾ ശ്രദ്ധിക്കണം. വ്യാജ വാർത്തയോടനുബന്ധിച്ച് നൽകിയിട്ടുള്ള ഫോണ്‍ നന്പർ കണ്‍സ്യൂമർഫെഡിന്റെ ഔദ്യോഗിക നന്പറോ, സ്ഥാപനവുമായി ബന്ധപ്പെട്ടതോ അല്ല.
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് മാർച്ച് 25 മുതൽ കണ്‍സ്യൂമർഫെഡിന്റെ എല്ലാ വിദേശമദ്യ ഷോപ്പുകളും പൂർണമായും അടച്ചിട്ടിരിക്കുകയാണ്.
കണ്‍സ്യൂമർഫെഡ് വിദേശമദ്യ ഷോപ്പുകൾ വഴി വിദേശമദ്യം ഓണ്‍ലൈൻ ആയോ, ഹോം ഡെലിവറിയായോ വിതരണം ചെയ്യുകയോ വില്പന നടത്തുകയോ ചെയ്യുന്നില്ല.