കൊറോണ വൈറസെന്ന മഹാമാരി ലോകം മുഴുവൻ കാട്ടുതീ പോലെ പടർന്നുപിടിക്കുകയാണ്. എന്നാൽ, അതിനേക്കാൾ മാരകമായ വേഗത്തിൽ വ്യാജവാർത്തകളും പ്രചരിക്കുന്നു. തികച്ചും വിശ്വാസ്യമെന്നു തോന്നുന്നതരത്തിൽ ഇവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതിനാൽ ഇവയിൽ ശരിയേത്, തെറ്റേത് എന്നു വേർതിരിച്ചറിയാൻ എളുപ്പമല്ല.
കഴിഞ്ഞ കുറെ ദിവസങ്ങളായി ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വാർത്തയാണ് ഹാദിയോ അലിയെന്ന ഇന്തോനേഷ്യൻ ഡോക്ടർ തന്റെ കുട്ടികളെ വീടിനു പുറത്ത് റോഡിൽനിന്നു കാണുന്ന കാഴ്ച. കൊറോണ വൈറസ് ബാധയേറ്റ രോഗികളെ ചികിൽസിക്കുന്നതിനിടെ വൈറസ് ബാധയേറ്റു മരിച്ച ഡോക്ടർ തന്റെ കുടുംബാംഗങ്ങളെ അവസാനമായി കാണുന്നു എന്ന തലക്കെട്ടോടെയാണ് ചിത്രം വാട്സാപ്പിൽ പ്രചരിച്ചത്.
കണ്ടവർ കണ്ടവർ ഡോക്ടറുടെ അർപ്പണ മനോഭാവത്തെയും സമർപ്പണത്തെയും വാനോളം വാഴ്ത്തിപ്പാടുകയും തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. വളരെ വൈകാരികമായ കുറിപ്പുകളോടെയാണ് അവർ ഈ ഫോട്ടോ ഷെയർ ചെയ്തത്. അതിനാൽ തന്നെ ഈ ചിത്രം വളരെവേഗം വൈറലായി.
ഇതേ അടിക്കുറിപ്പുകളോടെ തന്നെ ഈ ചിത്രം സിറിയൻ മന്ത്രിയായ ഒമർ മാദ്നി മാർച്ച് 25നു ട്വീറ്റ് ചെയ്തിരുന്നു. നാഷണൽ ഉൾമ കൗണ്സിൽ സ്ഥാപകനും പ്രസിഡന്റുമായ ആമിർ റഷാദി മദ്നിയും സമാന അടിക്കുറിപ്പുകളോടെ ഈ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു.
സത്യത്തിൽ ഈ ഫോട്ടോ ആരുടേതാണ്? ഇന്തോനേഷ്യൻ ഡോക്ടർ ഹാദിയോ അലി തന്നെയാണോ ഈ ചിത്രത്തിലുള്ളത്? അല്ല, സത്യാവസ്ഥ ഇതാണ്:
ഗൂഗിളിൽ റിവേഴ്സ് ഇമേജ് ചെയ്തു നോക്കിയതിലൂടെ ഈ ഫോട്ടോ ആദ്യമായി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത് അഹമ്മദ് എഫെന്തി സൈലനുദ്ദീൻ എന്ന വ്യക്തിയാണെന്നു മനസിലായി. മാർച്ച് 21 നാണ് ഈ ഫോട്ടോ അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ഇതെന്റെ കസിനാണെന്നും ഡോക്ടറായതിനാൽ അവന്റെ സേവനം രാജ്യത്തിന് ആവശ്യമുണ്ടെന്നും ഈ ചിത്രത്തിന് അടിക്കുറിപ്പായി അഹമ്മദ് കുറിച്ചിട്ടുണ്ട്.
ഇതോടൊപ്പം തന്നെ ഈ കുട്ടികളുടെയും അവന്റെയും മനസിലെ വികാരം എന്തായിരിക്കുമെന്നും ചോദിച്ചുകൊണ്ട് തുടരുന്ന പോസ്റ്റ് അവസാനിക്കുന്നത് അധികാരികളുടെ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന ഉപദേശത്തോടെയാണ്. ഈ ചിത്രത്തിന് പതിനാലായിരത്തിലധികം ഷെയറും മുപ്പത്തിമൂവായിരത്തിലധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.
ഇന്തോനേഷ്യൻ വാർത്താ വെബ്സൈറ്റ് ആയ ടെംപോയുടെ ഫാക്ട് ചെക്ക് വിഭാഗം ആയ ചെക്ഫാക്ടെയും ഈ ഫോട്ടോ പരിശോധിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഫോട്ടോയിൽ കാണുന്ന വ്യക്തി അഹമ്മദിന്റെ സഹോദരൻ ആണെന്നും ഡോക്ടറായ അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നും ചെക്ഫാക്ടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് പോലെ കോറോണ ബാധിച്ചു മരിച്ച ഡോ. അലിയുടെ ചിത്രമല്ലിത്. മാർച്ച് 22ന് ഡോക്ടർ ഹാദിയോ അലി കോവിഡ്-19 ബാധിച്ചു മരിച്ചു എന്നത് സത്യമാണ്.
സമൂഹമാധ്യമങ്ങളിൽ ചിത്രം പുറത്തിറങ്ങിയതിനു തൊട്ടടുത്ത ദിവസമാണ് ഡോ. അലി മരിക്കുന്നത്. അലി മരിച്ചതു കൊണ്ടും ചിത്രത്തിൽ കാണുന്നയാൾക്ക് മുഖാവരണമുള്ളതു കൊണ്ടുമാണ് തെറ്റിദ്ധരിക്കപ്പെട്ടത്.
അഹമ്മദ് ഫേയ്സ്ബുക്ക് പോസ്റ്റിൽ ഡോക്ടർ എന്നു മാത്രം കുറിച്ചതും തെറ്റിദ്ധാരണയ്ക്ക് ഇടയാക്കി.