കണ്ണൂർ: കണ്ണൂരിൽ പിടികൂടിയ കള്ളനോട്ടുമായി ബന്ധപ്പെട്ട് പോലീസിന്റെ പ്രത്യേകസംഘം അന്വേഷണം ഊർജിതമാക്കി. ഇതിന് പിന്നില് വൻ റാക്കറ്റുകളുണ്ടെന്നാണ് പോലീസ് പറയുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെ പിടിയിലായ പാടിയോട്ടുചാൽ ഏച്ചിലാംപാറയിലെ ശോഭ (50) യെ ചോദ്യം ചെയ്തതിൽ കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ശോഭയുടെ കൂട്ടാളിയെ പിടികൂടിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ വീട്ടിൽനിന്നു ലഭിച്ച ലാപ്ടോപ്പും യുവതിയുടെ മൊബൈൽ ഫോണും പോലീസ് പരിശോധിച്ച് വരികയാണ്. ഇതിൽനിന്ന് കള്ളനോട്ട് സംഘത്തെക്കുറിച്ചുള്ള സൂചന ലഭിക്കുമെന്നാണ് പോലീസിന്റെ നിഗമനം.
അതേസമയം യുവതിക്കൊപ്പം താമസിച്ച് വന്ന ഇടുക്കി സ്വദേശിയായ ചന്ദ്രനെന്നയാൾ ഒളിവിൽ പോയിരിക്കുകയാണ്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. ബാറിൽ കയറി മദ്യപിച്ചശേഷം ബില്ലടയ്ക്കാൻ കള്ളനോട്ട് നൽകിയ സംഭവത്തിലാണ് പ്രവാസിയായ പയ്യന്നൂർ സ്വദേശി ഷിജുവിനെ ചൊവ്വാഴ്ച വൈകുന്നേരം കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
മെക്കാനിക്കായ ഇയാൾ വര്ക്ക് ഷോപ്പില് നിന്നും ജോലി ചെയ്തതിന് കിട്ടിയ നോട്ടുകളാണെന്നാണ് മൊഴി നല്കിയത്. എന്നാൽ, പോലീസ് അന്വേഷണത്തിൽ ഷിജു ഏറെക്കാലം ഗള്ഫില് ജോലി ചെയ്തിരുന്നതായും ചെറുവത്തൂര് കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവര്ത്തനമെന്നും പോലീസ് കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശോഭയെക്കുറിച്ച് സൂചന ലഭിച്ചത്. ശോഭയാണ് ഷിജുവിന് കള്ളനോട്ട് നല്കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. കണ്ണൂർ ടൗൺ സിഐ സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സവ്യസച്ചി, അജയൻ, എഎസ്ഐ രഞ്ജിത്ത്, സിപിഒ നാസർ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.