കൊച്ചി: വ്യാജ വിസയില്‍ കൊച്ചിയിലെത്തിയ കെനിയന്‍ യുവതി അറസ്റ്റില്‍. കാലാവധി പൂര്‍ത്തിയായ വിസ തിരുത്തി വ്യാജ വിസയുണ്ടാക്കി എത്തിയ കെനിയൻ യുവതി മെര്ലിൻ (36)നെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ചികിത്സയ്ക്കായിട്ടാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്.
ഇന്നലെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തെ ഹോട്ടലില്‍ മുറിയെടുക്കാനെത്തിയപ്പോഴാണ് കുടുങ്ങിയത്. പാസ്പോര്‍ട്ടിന് കാലാവധി ഉണ്ടെയെങ്കിലും വിസ വ്യാജമായിരുന്നു. തുടര്‍ന്ന് നോര്‍ത്ത് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.
പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫോറിനേഴ്സ് റീജണല്‍ രജിസ്ട്രേഷന് ഓഫീസില്‍ (എഫ്ആര്‍ആര്‍ഒ) നിന്നുളള സംഘം എത്തി പാസ്പോര്‍ട്ടും വിസയും പരിശോധിച്ചു. വിസ വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. യുവതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.