പരുന്തുകള്‍ക്ക് യാത്ര ചെയ്യാനും വിമാനം. ബസില്‍ യാത്ര ചെയ്യാന്‍ പോലും ആളുകള്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കാലത്ത് തന്നെയാണോ ഇതെന്നാവും ഭൂരിഭാഗം ആളുകളും ചിന്തിക്കുന്നത്. സൗദി അറേബ്യയിലെ ഒരു രാജകുടുംബാംഗമാണ് വളര്‍ത്തു പരുന്തുകളെ കൊണ്ടുപോകാനായി ജെറ്റ് വിമാനത്തില്‍ സീറ്റുകള്‍ ബുക്ക് ചെയ്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഫാല്‍ക്കണ്‍ പരുന്തുകള്‍ക്കായി എണ്‍പത് സീറ്റുകളാണ് രാജകുടുംബാംഗം ബുക്ക് ചെയ്തത്.
മറ്റു യാത്രക്കാര്‍ക്കൊപ്പം പരുന്തുകള്‍ യാത്ര ചെയ്യുന്ന ചിത്രം റെഡിറ്റിലാണ് പോസ്റ്റ് ചെയ്തത്. പരുന്തുകളുടെ കാലുകള്‍ സീറ്റിനടിയില്‍ കയറുകളുപയോഗിച്ചു ബന്ധിച്ചിരുന്നു. യുഎഇയുടെ ദേശീയ പക്ഷിയാണ് ഫാല്‍ക്കണ്‍ പരുന്ത്. മധ്യേഷ്യയില്‍ ഫാല്‍ക്കണുകളെ വളര്‍ത്തുന്നതും അവയെ ഉപയോഗിച്ച് ചെറു പക്ഷികളെ പിടിക്കുന്നതും പ്രധാന വിനോദോപാധിയാണ്. ഈ ഫാല്‍ക്കണുകളെ യുഎഇയില്‍ എവിടെയും കൊണ്ടുപോകാന്‍ ഫോറസ്റ്റ് ഗ്രീന്‍ പാസ്പോര്‍ട്ടുകളുണ്ട്.
ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, സൗദി, പാകിസ്താന്, മൊറാക്കോ, സിറിയ എന്നിവിടങ്ങളില്‍ ഫോറസ്റ്റ് ഗ്രീന്‍ പാസ്പോര്‍ട്ടുകള്‍ക്കും സാധുതയുണ്ട്. ഖത്തര്‍ എയര്‍വേസ് ഇക്കണോമി ക്ലാസില്‍ ഒരേ സമയം ആറ് ഫാല്‍ക്കണുകളെ വരെ കൊണ്ടുപോകാന്‍ അനുവദിക്കുന്നുണ്ട്. എത്തിഹാദ് എയര്‍വേസും ഫ്ളൈ ദുബായും ഇത്തരം സാഹചര്യങ്ങളില്‍ ഇളവുകള്‍ അനുവദിക്കാറുണ്ട്. ഏതായാലും ആകാശത്തു കൂടി പറക്കുന്ന പരുന്തുകള്‍ക്ക് വിമാനത്തിനകത്തിരുന്നുള്ള പറക്കല്‍ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നിരിക്കണം.