കുമരകം: പരുന്തിന്റെ ആക്രമണത്തിൽ വീട്ടമ്മയുടെ ചെവിക്കു സാരമായ പരിക്കേറ്റു. മുറിവേറ്റ ചെവിക്കു പത്തു തുന്നലിട്ടു. കുമരകം വള്ളാറ പുത്തൻപള്ളിക്കു സമീപം വേലിയാത്ത് കൊച്ചുമോന്റെ ഭാര്യ ഗ്രേസിക്കാണു പരുന്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.
ഇന്നലെ ഉച്ചയോടെയാണു സംഭവം. വീടിന്റെ പരിസരത്തു ദിവസങ്ങളായി കാണപ്പെട്ട പരുന്താണ് ഗ്രേസിയെ ആക്രമിച്ചത്. ഗ്രേസി അടുക്കളയിൽനിന്നു പുറത്തേക്കിറങ്ങി തിരിച്ചുകയറുമ്പോൾ അപ്രതീക്ഷിതമായി പരുന്ത് പറന്നെത്തി അക്രമിക്കുകയായിരുന്നു.
ചെവിയിലൂടെ രക്തം വാർന്നൊലിച്ച വീട്ടമ്മയെ ഉടൻതന്നെ കമരകം മെഡിക്കൽ സെന്ററിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കൊപ്പം വിഷബാധ ഉണ്ടാകാതിരിക്കാനുളള കുത്തിവയ്പും നടത്തി. കോട്ടയം മെഡിക്കൽ സെന്ററിലെത്തിച്ചാണ് മുറിവു തുന്നിക്കൂട്ടിയത്. ആക്രമണകാരിയായ പരുന്ത് ഇപ്പോഴും വീട്ടുപരിസരത്തുതന്നെ ഉണ്ട്. പരുന്തിനെ പിടികൂടാൻ വനംവകുപ്പിന്റെ സഹായം തേടിയിരിക്കുകയാണ് ദമ്പതികൾ. പരിസരവാസികളും ആശങ്കയിലാണ്.