തിരുവനന്തപുരം: നിയമസഭ സാമാജികർക്കെതിരേ വ്യാജ ആരോപണം ഉന്നയിച്ചതിന് വാച്ച് ആൻഡ് വാർഡ്കൾക്കെതിരെയും മ്യൂസിയം എസ്ഐക്കെതിരേയും രമേശ് ചെന്നിത്തല നൽകിയ അവകാശ ലംഘന നോട്ടീസിന്മേൽ സ്പീക്കർ എത്തിക്സ് ആൻഡ് പ്രിവിലേജ് കമ്മിറ്റിയുടെ അന്വേഷണം പ്രഖ്യാപിച്ചു.
കേരളനിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച അവകാശ ലംഘോ പ്രശ്നത്തിന് ചട്ടം 159 പ്രകാരം സംഭവം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണു സ്പീക്കർ എത്തിക്സ് ആൻഡ് പ്രവിലേജ് കമ്മിറ്റിക്ക് നിർദേശം നൽകിയിരിക്കുന്നത്.
നിയമസഭാചട്ടം 50 പ്രകാരം പ്രതിപക്ഷം നല്കുന്ന നോട്ടീസുകള്‍ക്ക് സഭയില്‍ അവതരണാനുമതി തേടുന്നതിനുപോലും അവസരം നല്‍കാത്തതിൽ പ്രതിഷേധിച്ച് മാർച്ച് 15ന് രാവിലെ സ്പീക്കറുടെ ഓഫീസിനു മുന്നില്‍ സമാധാനപരമായി ധര്‍ണ നടത്തിക്കൊണ്ടിരുന്ന യുഡിഎഫ് എംഎല്‍എമാരെ യാതൊരു പ്രകോപനവും കൂടാതെ അഡീഷണല്‍ ചീഫ് മാര്‍ഷലിന്റെ നേതൃത്വത്തില്‍ വാച്ച് ആൻഡ് വാർഡ് ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യുകയാണ് ഉണ്ടായതെന്നു രമേശ് ചെന്നിത്തല അവകാശ ലംഘന നോട്ടീസിൽ പറഞ്ഞിരുന്നത്.
ബലപ്രയോഗത്തില്‍ സനീഷ്കുമാര് ജോസഫ്, കെ.കെ. രമ എന്നീ സാമാജികര്‍ക്ക് പരിക്ക് പറ്റുകയും അവര്‍ക്ക് ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവരികയും ചെയ്തു.
നിയമസഭയുടെ പരിസരത്ത് നടന്ന ഒരു വിഷയം സംബന്ധിച്ച് മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ്ഐ പി.ഡി. ജിജുകുമാര്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് സ്പീക്കറുടെ അനുമതി തേടിയിട്ടില്ല
1970 ജനുവരി 29, 1983 മാര്‍ച്ച് 29, 30 എന്നീ തീയതികളില്‍ നിയമസഭാ പരിസരത്ത് നടന്ന അനിഷ്ട സംഭവങ്ങളില്‍ സ്വീകരിച്ച നടപടികളില്‍ നിന്നും തികച്ചും വിഭിന്നമായ രീതിയിലുളള നടപടികളാണ് അന്ന് പോലീസ് സ്വീകരിച്ചത്.
നിയമസഭാ പരിസരത്ത് നടന്ന ഒരു പ്രശ്നം സംബന്ധിച്ച് സ്പീക്കറുടെ അനുമതിയില്ലാതെ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണത്തിന്റെ ഭാഗമായി നിയമസഭാ സെക്രട്ടറിയേറ്റിലെ സിസിടിവി ഫുട്ടേജ് ഉള്‍പ്പെടെ ആവശ്യപ്പെട്ട് കൊണ്ട് നിയമസഭാ സെക്രട്ടറിക്ക് കത്ത് നല്‍കുകയും ചെയ്തതിലൂടെ മ്യൂസിയം പോലീസ് സ്റ്റേഷന് അധികൃതര്‍ സഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനമാണ് നടത്തിയിട്ടുള്ളത്.
ഈ വസ്തുതകളുടെ വെളിച്ചത്തില്‍ മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ്ഐക്കെതിരെയും നിയമസഭാ അഡീഷണല്‍ ചീഫ് മാര്‍ഷല്‍ മൊയ്തീന് ഹുസൈന്, വനിതാ സാര്‍ജന്റ് അസി. ഷീന എന്നിവര്‍ക്ക് എതിരെ അവകാശ ലംഘനത്തിന് നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല സ്പീക്കറോട് അഭ്യർഥിച്ചിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കർ പ്രവിലേജ് ആൻഡ് എത്തിക്സ് കമ്മറ്റിയോട് സംഭവം സംബന്ധിച്ച് റിപ്പേർട്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.